ദോഹ: രാജ്യത്ത് കമ്പനികളിലെ തൊഴിലാളികളും തൊഴിലുടമയും ഉള്‍പ്പെട്ട സംയുക്ത തൊഴില്‍ കമ്മിറ്റി രൂപവത്കരിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു.
അമീരി ദിവാനില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഭരണ നിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രിയുടെ കരട് തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
മുപ്പതില്‍ കൂടുതല്‍ ജീവനക്കാരുള്ള ഓരോ കമ്പനികളിലും സംയുക്ത കമ്മിറ്റി രൂപവത്കരിച്ചിരിക്കണമെന്നതാണ് നിയമം.
തൊഴിലുടമയും തൊഴിലാളികളില്‍ നിന്നുള്ള പ്രതിനിധികളും ഉള്‍പ്പെടുന്നതായിരിക്കും കമ്മിറ്റി.
കമ്മിറ്റിയിലെ പകുതി അംഗങ്ങള്‍ തൊഴിലുടമയേയും ബാക്കി പകുതി തൊഴിലാളികളെയും പ്രതിനിധീകരിക്കുന്നവരായിരിക്കുകയും വേണം.
നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തൊഴിലാളികള്‍ക്ക് കമ്മിറ്റിയിലേക്ക് തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാം.
തൊഴിലാളികള്‍ക്കിടയില്‍നിന്ന് തന്റെ പ്രതിനിധികളെ തൊഴിലുടമയ്ക്കും തിരഞ്ഞെടുക്കാവുന്നതാണ്.
തൊഴിലുടമയുടെ അസാന്നിധ്യത്തില്‍ നിയമ പരമായി കമ്പനിയുടെ ഭരണനിര്‍വഹണത്തില്‍ അധികാരം വിനിയോഗിക്കാന്‍ തൊഴിലുടമ ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥരായിരിക്കണം കമ്മിറ്റിയില്‍ തൊഴിലുടമയെ പ്രതിനിധീകരിക്കാന്‍ വേണ്ടത്. രണ്ട് വര്‍ഷമായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി.
സ്ഥാപനത്തിലെ തൊഴിലുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പഠിക്കുകയും ചര്‍ച്ചചെയ്യുകയുമാണ് സംയുക്ത തൊഴില്‍ കമ്മിറ്റിയുടെ ചുമതല.