വിവാദമായ പൗരത്വ ബില്ലിന് ക്യാബിനറ്റിന്റെ പച്ചക്കൊടി; ഇനി പാര്‍ലമെന്റ് പരീക്ഷണം

വിവാദമായ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരം. തുടര്‍ന്നുള്ള അഗ്‌നിപരീക്ഷണം നേരിടാന്‍ ഇനി ബില്‍ പാര്‍ലമെന്റില്‍ എത്തും. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇതിനുള്ള സാധ്യതയാണ് തെളിയുന്നത്. അടുത്ത ആഴ്ച പൗരത്വ ഭേദഗതി ബില്‍ സഭയുടെ അംഗീകാരം തേടിയെത്തുമെന്നാണ് കരുതുന്നത്.

പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം അനുവദിക്കാന്‍ വഴിയൊരുക്കുന്നതാണ് പൗരത്വ ബില്‍. അയല്‍രാജ്യങ്ങളില്‍ മതപരമായ കൂട്ടക്കൊലയ്ക്ക് വിധേയരാകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുകയാണ് ലക്ഷ്യം. പാര്‍ലമെന്റില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പൗരത്വ ബില്‍ അവതരിപ്പിക്കുമ്പോള്‍ ബിജെപി എംപിമാര്‍ എല്ലാവരും സഭയില്‍ എത്തിച്ചേരണമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ മൂന്നെണ്ണവും മുസ്ലീം രാഷ്ട്രങ്ങളാണ്. അവിടെ മുസ്ലീങ്ങളല്ല മറ്റ് മതസ്ഥരാണ് മതത്തിന്റെ പേരില്‍ കൂട്ടക്കൊലയ്ക്ക് വിധേയരാകുന്നതെന്ന് ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ ബില്ലില്‍ തന്റെ എതിര്‍പ്പ് രേഖപ്പെടുത്തി കോണ്‍ഗ്രസ് എംപി ശശിതരൂര്‍ രംഗത്തെത്തി. മതത്തിന്റെ പേരില്‍ വേര്‍തിരിവ് കാണിക്കരുതെന്ന് അദ്ദേഹം വാദിക്കുന്നു.

ആസാം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, വിദ്യാര്‍ത്ഥി സംഘടനകളും, സാമൂഹിക സംഘങ്ങളുമായി അമിത് ഷാ ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്ത് ഇവരുടെ കാഴ്ചപ്പാടുകള്‍ കേട്ടു. പൗരത്വ ബില്ലിനൊപ്പം രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടത്താനുമുള്ള ഷായുടെ നീക്കം ചില സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷീണമാകും.

Top