പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍.

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്നാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സംവിധാനത്തിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് ഫലം അറിയാനാകും. മാത്രമല്ല ഈ സംവിധാനം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ടത് എംബസികളാണ്. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിക്കുക എന്നതാണ് കേരളത്തിന്റെ നിര്‍ദേശം.

വിമാനങ്ങളില്‍ വരുന്നവര്‍ക്ക് പരിശോധന നിര്‍ബന്ധമാക്കിയില്ലെങ്കില്‍ രോഗവ്യാപനം രൂക്ഷമാകാന്‍ ഇടയാകും. എംബസികളില്‍ ട്രൂനെറ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയിരുന്നു. പുറത്തുനിന്ന് വരുന്നവര്‍ക്ക് രോഗബാധ കൂടുതലായി കാണുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വീണ്ടും രോഗപരിശോധന നടത്തണമെന്ന നിലപാടിലേയ്ക്ക് നീങ്ങിയത്.

Top