കായല്‍ കയ്യേറ്റം : മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ല

തിരുവനന്തപുരം : കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രിസഭ ഇന്ന് പരിഗണിച്ചില്ല . റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീ. ചീഫ് സെക്രട്ടറി അറിയിച്ചു.

നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ടു റവന്യുമന്ത്രി റിപ്പോര്‍ട്ട് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നു ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം റവന്യുമന്ത്രി മുഖ്യമന്ത്രിക്കു കൈമാറിയിട്ടുണ്ട്.

അതേസമയം, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്റെ രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ നോട്ടിസ് നല്‍കി. ഏഴു ദിവസത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പുമുണ്ട്.

ലേക്ക് പാലസ് റിസോര്‍ട്ടിലെ കെട്ടിടങ്ങളുടെ നിര്‍മാണ അനുമതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. അതിനിടെയാണു നഗരസഭയില്‍ നിന്നു രേഖകള്‍ കാണാതായത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 18 കെട്ടിടങ്ങളുടെ നിര്‍മാണ രേഖകള്‍ കണ്ടെടുത്തിരുന്നു.

Top