തിരുവനന്തപുരം: സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദന്‍ ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്റെ ചെയര്‍മാനാകും. ഇരട്ടപ്പദവി പ്രശ്‌നം ഒഴിവാക്കാനായി നിയമം ഭേദഗതി ചെയ്യാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇതിനായി നിയമഭേദഗതിക്കുളള ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ചെറിയ പെരുന്നാളിനുശേഷം ചേരുന്ന ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമഭേദഗതി പാസാക്കുമെന്നാണ് വിവരങ്ങള്‍.
എംഎല്‍എയായ വിഎസ് അച്യുതാനന്ദനെ ക്യാബിനറ്റ് റാങ്കില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കുമ്പോള്‍ ഇരട്ടപ്പദവി എന്ന സാങ്കേതികത്വമാണ് വിലങ്ങുതടിയാകുന്നത്.
എംഎല്‍എയായി തുടരുമ്പോള്‍ വിഎസിന് ഭരണ പരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷനായി അതിന്റെ ശമ്പളം കൈപ്പറ്റാനും പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കാനും നിയമപ്രകാരം തടസമുണ്ട്. ഒന്നുകില്‍ ക്യാബിനറ്റ് പദവി സ്വീകരിച്ച് സിറ്റിങ് ഫീസും, വണ്ടി വാടകയും മാത്രം സര്‍ക്കാരില്‍ നിന്നും ഈടാക്കാം.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റണമെങ്കില്‍ വിഎസിന് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരും. അല്ലാത്ത പക്ഷം എംഎല്‍എയായി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയാല്‍ വിഎസിനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കുകയും ചെയ്യും.
ഇതൊഴിവാക്കാനാണ് നിയമം ഭേദഗതി ചെയ്യുന്നത്. കേരള ചരിത്രത്തില്‍ ഇതുവരെ മൂന്ന് ഭരണപരിഷ്‌കരണ കമ്മീഷനാണ് ഇതുവരെ രൂപീകരിക്കപ്പെട്ടിട്ടുളളത്. അവസാനത്തെ ഭരണ പരിഷ്‌കരണ കമ്മീഷന്റെ അധ്യക്ഷന്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ ആയിരുന്നു.