തിരുവനന്തപുരം: സ്വകാര്യ സംരംഭകര്‍ക്ക് അനുവദിച്ച അഞ്ച് ജലവൈദ്യുത പദ്ധതികളുടെ അനുമതി റദ്ദാക്കണമെന്ന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കഴുത്തുരത്തി (കൊല്ലം), കൊക്കമുള്ള് (കണ്ണൂര്‍), ഉരുംബിനി (പത്തനംതിട്ട), കുതിരച്ചാട്ടം (കാസര്‍ഗോട്), മാലോത്തി (കാസര്‍കോട്) എന്നീ പദ്ധതികളുടെ (2 മെഗാവാട്ട് വീതം) അനുമതിയാണ് റദ്ദാക്കുക.
കേരളത്തിന്റെ ജലപാതാ വികസനം സമയബന്ധിതമായി നടപ്പാക്കുന്നതിന് വേണ്ടി രൂപീകരിച്ച കേരളാ വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ച്ചേഴ്‌സ് ലിമിറ്റഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ലാന്റ് വാട്ടര്‍വേയ്‌സ് ഓഫ് ഇന്ത്യക്ക് കൂടി ഓഹരി പങ്കാളിത്തം അനുവദിച്ച് ഓഹരിഘടനയില്‍ മാറ്റം വരുത്തുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.