തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് ക്യാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം.
മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മൂന്നംഗ ഭരണപരിഷ്‌കാര കമ്മീഷനിലെ മറ്റു രണ്ട് അംഗങ്ങള്‍ മുന്‍ ചീഫ് സെക്രട്ടറി നീല ഗംഗാധരനും സി.പി. നായരുമാണ്.
സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കാര കമ്മീഷനാണിത്.കമ്മീഷന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണം പരിശോധിക്കുക, തിരുത്തലുകള്‍ നടത്തുക, ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് കമ്മിഷന്റെ ഉദ്ദേശലക്ഷ്യങ്ങള്‍. കമ്മീഷന് ഔദ്യോഗിക വാഹനം, വസതി എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും.
ഇ.എം.എസ്. നായനാര്‍ സര്‍ക്കാരുകളുടെ കാലത്തും രാഷ്ട്രപതി ഭരണത്തിലിരിക്കെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ എം.കെ. വെള്ളോടിയുടെ അധ്യക്ഷതയിലുമാണ് ഇതിനുമുമ്പ് ഭരണപരിഷ്‌കരണ കമ്മിഷന്‍ രൂപീകരിച്ചത്.
മുഖ്യമന്ത്രിമാര്‍ തന്നെയായിരുന്നു മറ്റു രണ്ട്കമ്മീഷന്റെയും അധ്യക്ഷന്‍മാര്‍.
വി.എസിന് യോഗ്യതയില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയൊരു പദവി സൃഷ്ടിച്ചത് ധൂര്‍ത്താണെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.
വി.എസിന് അധ്യക്ഷ പദവി നല്‍കുന്നതിലെ നിയമക്കുരുക്ക് ഒഴിവാക്കുന്നതിനായി കഴിഞ്ഞ മാസം 19ന് നിയമസഭ ഇരട്ടപദവി ഭേദഗതി ബില്‍ പാസാക്കിയിരുന്നു.
ബില്‍ പാസാക്കിയെങ്കിലും സാങ്കേതിക നടപടിക്രമങ്ങള്‍ കാരണം വീണ്ടും തീരുമാനം വൈകി.
വി.എസിന് പദവി നല്‍കുന്ന വിഷയത്തില്‍ കേന്ദ്ര നേതൃത്വവും ഇടപെട്ടിരുന്നു.
പദവി സംബന്ധിച്ച് സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് അറിയിച്ച കേന്ദ്ര നേതൃത്വം നടപടികള്‍ വൈകരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
കമ്മീഷന്‍ പദവി ഏറ്റെടുക്കുന്നതു സംബന്ധിച്ചു വിഎസും പാര്‍ട്ടിയും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
.
ഒടുവില്‍ പിബി അംഗം പ്രകാശ് കാരാട്ടിന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിഎസുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്മീഷന്‍ പദവി ഏറ്റെടുക്കാമെന്നു വിഎസ് സമ്മതിച്ചത്.
കാബിനറ്റ് പദവിയോടെയുള്ള കമ്മീഷന്‍ അധ്യക്ഷ പദവിക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു കൂടി മടങ്ങിവരണമെന്നായിരുന്നു വിഎസിന്റെ ആഗ്രഹം.
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതലുള്ള വിഎസിന്റെ പദവി സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കാണ് ഇതോടെ വിരമാമായത്.