ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭ പുനഃസംഘടനക്ക് കളമൊരുങ്ങി. മൂന്ന് മന്ത്രിമാര്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നാളെ പുനസംഘടിപ്പിച്ചേക്കും. രാജിസന്നദ്ധത അറിയിച്ച് മൂവരും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. തങ്ങള്‍ സ്ഥാനം ഉപേക്ഷിക്കാന്‍ തയാറാണെന്നും പ്രവര്‍ത്തകരായി പാര്‍ട്ടിയില്‍ തുടരുമെന്നും അവര്‍ അറിയിച്ചു.
റവന്യു മന്ത്രി ഹരീഷ് ചൗധരി, മെഡിക്കല്‍-ആരോഗ്യ മന്ത്രി ഡോ. രഘു ശര്‍മ, വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊഡാസറ എന്നിവര്‍ രാജിസന്നദ്ധത അറിയിച്ച് സോണിയക്ക് നേരത്തേ കത്തെഴുതിയതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കാന്‍ അറിയിച്ചു. രാജിവെച്ച മൂന്ന് മന്ത്രിമാര്‍ക്കും പാര്‍ട്ടി ചുമതലകള്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് ഗോവിന്ദ് സിങ്. രഘു ശര്‍മക്ക് ഗുജറാത്തിന്റെ ചുമതലയും ഹരീഷ് ചൗധരിക്ക് പഞ്ചാബിന്റെ ചുമതലയും ഹൈകമാന്‍ഡ് നല്‍കി. ഇരട്ട പദവി ഒഴിവാക്കുക കൂടിയാണ് ലക്ഷ്യം
സചിന്‍ പൈലറ്റിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് മന്ത്രിസഭ പുനസംഘടനക്ക് നീക്കം. നേരത്തേ സോണിയയെ പൈലറ്റ് സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഗെഹ്‌ലോട്ടിനെ നീക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കമാന്‍ഡ് മന്ത്രിസഭ പുനസംഘടനക്ക് വഴിയൊരുക്കുകയായിരുന്നു. 2023ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെയും സചിന്‍ പൈലറ്റിന്റെയും നീക്കം.