തിരുവനന്തപുരം : പുനഃസംഘടന ചര്‍ച്ചകൾ സജീവമായതിന് പിന്നാലെ എൽഡിഎഫിന് തലവേദനയായി ഘടകക്ഷി നിലപാടുകളും അവകാശവാദങ്ങളും. മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്ന് മുന്നണി യോഗത്തിൽ ആവശ്യപ്പെടാൻ എം വി ശ്രേയാംസ് കുമാര്‍ നയിക്കുന്ന എൽഡെജി തീരുമാനിച്ചു. പാർട്ടിക്ക് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്ന് എം വി ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു. രണ്ടര വർഷത്തിനുശേഷം പരിഗണന ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നുവെന്നും മന്ത്രിസ്ഥാനം വേണമെന്നുള്ള ആവശ്യം എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കുമെന്നും ശ്രേയാംസ് കുമാര്‍ വ്യക്തമാക്കി. അതേസമയം, രണ്ടര വര്‍ഷത്തെ കാലാവധിയിൽ മന്ത്രിസ്ഥാനം വച്ച് മാറണമെന്ന ധാരണയെ ചൊല്ലി എൻസിപിക്ക് അകത്ത് അടിപൊട്ടി ആരംഭിച്ചു. മന്ത്രിയാക്കണമെന്ന് കോവൂര്‍ കുഞ്ഞുമോനും മുന്നണി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടര വര്‍ഷം അടുത്തതോടെയാണ് മന്ത്രിസ്ഥാനം വച്ചുമാറൽ ചര്‍ച്ചകൾ സജീവമായത്. ഒറ്റ എംഎൽഎമാരുള്ള നാല് ഘടകക്ഷികൾ തമ്മിലുള്ള പദവി മാറ്റമാണ് മുന്നണി ധാരണയെങ്കിൽ അതിനപ്പുറത്താണ് അവകാശവാദങ്ങൾ. മന്ത്രിസ്ഥാനം ഇല്ലാതെ പുറത്ത് നിൽക്കുന്ന ഏക ഘടകകക്ഷിയെന്ന നിലയിൽ കെപി മോഹനനെ പരിഗണക്കണമെന്ന ആവശ്യം 20 ചേരുന്ന എൽഡിഎഫ് യോഗത്തിൽ എൽജെഡി മുന്നോട്ട് വയ്ക്കും. ആര്‍ജെഡി എൽജെഡി ലയന തീരുമാനം ആയെങ്കിലും മന്ത്രിസ്ഥാനം വേണമെന്ന എൽജെഡിയുടെ ആവശ്യത്തോട് ആര്‍ജെഡിയും എൽഡിഎഫും എന്ത് നിലപാട് എടുക്കുമെന്ന് വ്യക്തമല്ല. പാര്‍ട്ടിക്കകത്ത് മാത്രമല്ല മുന്നണിക്കകത്തും രണ്ടാം ടേമിലെ മന്ത്രിമാറ്റത്തിന്ധാ രണയുണ്ടെന്നാണ്കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് പറയുന്നത്. പരസ്യ പ്രതികരണം എൻസിപിക്ക് അകത്ത് പൊട്ടിത്തെറിയായി.
മന്ത്രിയാകണമെന്ന മോഹം കോവൂര്‍ കുഞ്ഞുമോൻ കൊണ്ട് നടക്കാൻ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. പലതവണ മുഖ്യമന്ത്രി പിണറായി വിജയനോട് ഇക്കാര്യം നേരിട്ട് പറഞ്ഞതിന് പുറമെ മുന്നണി നേതൃത്വത്തിന് കോവൂര്‍ ഇത്തവണ കത്തും നൽകിയിട്ടുണ്ട്.