ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തുന്നതിനു മുന്‍പ് രാജ്യത്തെത്തിയവരുടെ എണ്ണത്തിലും ക്വാറന്റൈനില്‍ കഴിയുന്നവരുടെ എണ്ണത്തിലും പൊരുത്തക്കേട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 15 ലക്ഷത്തിലധികം രാജ്യാന്തര യാത്രക്കാര്‍ ഇന്ത്യയിലെത്തിയെങ്കിലും സംസ്ഥാനങ്ങള്‍ നിരീക്ഷണത്തില്‍ കാണിച്ച അലംഭാവം കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഗുരുതരമായി അപകടത്തിലാക്കുന്നു. വിദേശയാത്രക്കാരുടെ പരിശോധന കര്‍ശനമാക്കണമെന്നു ജനുവരി 18ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
ഇമിഗ്രേഷന്‍ ബ്യൂറോയുടെ മാര്‍ച്ച് 23 വരെയുള്ള കണക്കുപ്രകാരം 15 ലക്ഷത്തോളം യാത്രക്കാരാണ് വിദേശരാജ്യങ്ങളില്‍ നിന്നെത്തിയത്. ഇത് ഇപ്പോള്‍ ക്വാറന്റൈനില്‍ ഉള്ളവരുടെ കണക്കുമായി ഒത്തുനോക്കുമ്പോള്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു കാബിനറ്റ് സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ എത്രപേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ടെന്നു കത്തില്‍ വ്യക്തമാക്കിയിട്ടില്ല. വിദേശത്തുനിന്ന് മടങ്ങിയെത്തിയ യാത്രക്കാരെ കണ്ടെത്താനും നിരീക്ഷണം ശക്തമാക്കാനും ഉടന്‍ നടപടി സ്വീകരിക്കണമെന്നു കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.