ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിനടുത്ത് കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി പൊലീസ്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. പന്ത്രണ്ട് ക്യാബിനുകളിലായി കുടുങ്ങി കിടക്കുന്ന 48 പേരെ സുരക്ഷിതമായി താഴെയെത്തിച്ചതായി പൊലീസ് പറഞ്ഞു. വ്യോമസേനയുടെ ഹെലികോപ്ടറാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചത്.

ഡീഗോര്‍ ജില്ലയിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് 20 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അപകടത്തിന് കാരണം സാങ്കേതിക പ്രശ്നമാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് ശേഷം റോപ്പ്വെ മാനേജരും തൊഴിലാളികളും ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണസേന അപകടസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഡീഗോര്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ മഞ്ജുനാഥ് ഭജാത്രി അറിയിച്ചു. പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ജാട്ടും ഡെപ്യൂട്ടി കമ്മീഷണറും സംഭവസ്ഥലത്തെത്തിയിരുന്നു. അപകടത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കി.

ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിപ്പിക്കാനായി ആഭ്യന്തര മന്ത്രിയോട് താനും ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറി സുഖ്തേ സിങും അഭ്യര്‍ത്ഥിച്ചിരുന്നതായി ഗോഡ്ഡയില്‍ നിന്നുള്ള എം പി നിഷികാന്ത് ദുബൈ പറഞ്ഞു. 766 മീറ്റര്‍ ദൂരവും 392 മീറ്റര്‍ ഉയരത്തിലുള്ള ത്രികുടം റോപ്പ് വെ ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റോപ്പ് വെയാണ്. 25 ക്യാബിനുകളാണ് റോപ്പ്വെയിലുള്ളത്.

Top