കേബിള്‍ മോഷണം പോയി; മുഖ്യമന്ത്രിമാരുടെയടക്കം ബി.എസ്.എന്‍.എല്‍ ഫോണുകള്‍ നിശ്ചലം

ചണ്ഡിഗഡ്: കേബിള്‍ മോഷണം പോയതിനാൽ ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരുടേതുള്‍പ്പടെ 2000 ബിഎസ്എന്‍എല്‍ ഫോണുകള്‍ നിശ്ചലമായി.

ചാലു കീറി കുഴിച്ചിട്ടിരുന്ന ബിഎസ്എന്‍ലിന്റെ 200 മീറ്ററോളം വരുന്ന കേബിള്‍ ആണ് മോഷണം പോയത്.

പഞ്ചാബ് പോലീസ് ഹെഡ്‌കോട്ടേഴ്‌സില്‍ നിന്നും ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം പോയതായി കണ്ടെത്തിയത്.

2,3 സെക്ടറുകളില്‍ നിന്നുള്ള കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് പഞ്ചാബ് പോലീസ് ഹെഡ്‌കോട്ടേഴ്‌സില്‍ അവസാനമായി ഫോണ്‍ കോള്‍ ലഭിച്ചത്. അതിന് ശേഷമാണ് മോഷണം നടന്നത്.

15-20 ആളുകള്‍ ഇല്ലാതെ ഇങ്ങനെ ഒരു മോഷണം അസാധ്യമാണെന്നും, ട്രാക്ടറോ ട്രക്കോ ഉപയോഗിച്ചാവണം 200 മീറ്റര്‍ നീളമുള്ള കേബിള്‍ കടത്തിയതെന്നും അധികൃതര്‍ പറയുന്നു.

പഞ്ചാബിലേയും ഹരിയാനയിലേയും ഹൈക്കോടതി സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളിലേതടക്കം 2000 ഓളം വരുന്ന കണക്ഷനുകളാണ് പ്രവര്‍ത്തനരഹിതമായത്.

കണക്ഷനുകൾ പൂര്‍വ്വസ്ഥിതിയിലാക്കണമെങ്കില്‍ മൂന്നോ നാലോ ദിവസം വേണ്ടിവരുമെന്ന് ബിഎസ്എന്‍എല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജിതേന്ദ്ര മഹാജന്‍ പറഞ്ഞു.

ശക്തമായ മഴയാണ് അറ്റകുറ്റപണികള്‍ക്ക് തടസമാവുന്നത്. മോഷണത്തെ കുറിച്ച് പോലീസില്‍ പരാധി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top