ജപ്പാനിൽ സ്വന്തം രക്തം കോക്ക്ടെയിലുകളില്‍ കലര്‍ത്തി കഫേ ജീവനക്കാരി; ഒടുവിൽ പിരിച്ചുവിട്ടു

ടോക്കിയോ: കോക്ക്ടെയിലുകളില്‍ സ്വന്തം രക്തം കലര്‍ത്തിയതിന് പിന്നാലെ ജീവനക്കാരിയെ പുറത്താക്കി ജാപ്പനീസ് കഫേ. ജപ്പാനിലെ ഹൊക്കായ്ഡോയിലെ മൊണ്ടാജി കഫേയിലാണ് സംഭവം. പഴങ്ങളും നിറമുള്ള സിറപ്പുകളും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കോക്ക്ടെയിലുകളിലാണ് ജീവനക്കാരി സ്വന്തം രക്തം കലര്‍ത്തിയത്. വിനോദ സഞ്ചാര കേന്ദ്രമായ സപ്പാരോയിലുള്ള ഈ കഫേയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ കോക്ക്ടെയിലുകള്‍.

കോക്ക്ടെയിലിലെ രുചി വ്യത്യാസത്തേക്കുറിച്ച് കഫേയിലെത്തിയവര്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് കഫേ ഉടമ സംഭവം ശ്രദ്ധിക്കുന്നത്. ജീവനക്കാരി രക്തം കോക്ക്ടെയിലുകളില്‍ കലര്‍ത്തുന്നത് കയ്യോടെ പിടിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്ഷമാപണത്തോടെയ കഫേ ഉടമ തന്നെയാണ് വിവരം പുറത്ത് വിട്ടത്. കസ്റ്റമേഴ്സിനോട് ക്ഷമാപണം നടത്തിയ ഉടമ ഏതാനും ദിവസത്തേക്ക് കഫേ അടച്ചിടുകയാണെന്നും കഫേയിലെ എല്ലാ ഡ്രിങ്കുകളും മാറ്റി ഗ്ലാസുകളും വൃത്തിയാക്കിയ ശേഷം കഫേ വീണ്ടും തുറക്കുമെന്നും വിശദമാക്കി. ജീവനക്കാരി ചെയ്തത് തീവ്രവാദത്തിന് സമാനമായ പ്രവര്‍ത്തിയാണെന്നും കഫേ ട്വീറ്റില്‍ വിശദമാക്കുന്നു. വിലക്കുറവില്‍ കോക്ക്ടെയിലുകള്‍ ആസ്വദിക്കാമെന്നതായിരുന്നു ഈ കഫേയുടെ പ്രത്യേകതയെന്നതും ശ്രദ്ധേയമാണ്.

ഏപ്രില്‍ ആദ്യവാരമാണ് ജീവനക്കാരിയുടെ കടുംകൈ കഫേ ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. കണ്‍സെപ്റ്റ് കഫേകള്‍ക്ക് ഏറെ പേരി കേട്ടിട്ടുള്ള രാജ്യം കൂടിയാണ് ജപ്പാന്‍. ജപ്പാന്റെ ട്രേഡ് മാര്‍ക്ക് വിഭവമായ സൂഷി മുതല്‍ വൈവിധ്യമാര്‍ന്ന സോസുകള്‍ ആസ്വദിക്കാനുമായി ഇത്തരം കണ്‍സെപ്റ്റ് കഫേകളിലെത്തുന്നവര്‍ ധാരാളമാണ്. എന്നാല് അടുത്ത കാലത്തായി വീഡിയോ വൈറലാകാനായി കസ്റ്റമേഴ്സും കടുംകൈകള്‍ ഇത്തരം ഭക്ഷണ ശാലകളില്‍ ചെയ്യുന്നത് വാര്‍ത്തയായിരുന്നു. സോസില്‍ മാലിന്യം കലര്‍ത്തിയതടക്കമുള്ള സംഭവങ്ങള്‍ ഏറെ വിവാദമാവുകയും ചെയ്തിരുന്നു.

Top