സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുകടം 32.07 ശതമാനമായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് കടം വര്‍ധിച്ചത്.

സംസ്ഥാനത്തിന്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്. കടം വാങ്ങുന്നത് തുടരുകയാണെങ്കില്‍ ഭാവി തലമുറക്ക് ഭാരമാകുമെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാര്‍ റവന്യു ധന കമ്മികള്‍ നിയന്ത്രിക്കണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

റവന്യു വരുമാനത്തില്‍ വലിയ വര്‍ധനയാണ് സംസ്ഥാനത്തുണ്ടായത്. 31 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2015-16 ല്‍ 69,033 കോടി രൂപയായിരുന്നു റവന്യു വരുമാനം. 2019 -20 ല്‍ ഇത് 90,225 കോടി രൂപയായി. എന്നാല്‍ സര്‍ക്കാരിനെ ആശങ്കയിലാക്കി റവന്യു വരുമാനത്തിന്റെ 21 ശതമാനം വിനിയോഗിച്ചത് പലിശയടക്കാനാണ്.

മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അധിക ചെലവ് ക്രമപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 2011 മുതല്‍ 2018 വരെ ക്രമപ്പെടുത്താത്തത് 4735 കോടി രൂപയാണ്. അപര്യാപ്തമായ ചെലവ് നിയന്ത്രണമാണ് നടക്കുന്നതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ആരോപിച്ചു.

 

Top