ഇന്ത്യന്‍ റെയില്‍വേ കടുത്ത നഷ്ടത്തില്‍; വരുമാനത്തിലും വന്‍ കുറവെന്ന് സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സാമ്പത്തികമായി പരുങ്ങലിലെന്ന് സിഎജി റിപ്പോര്‍ട്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 8.30 ശതമാനം കുറവുണ്ടായി. വരുമാനം കൂട്ടുന്നതിന് താരിഫ് വര്‍ധന അടക്കമുള്ള വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങള്‍ റെയില്‍വേ അവലംബിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

2019-20ല്‍ 2,16,935 കോടി രൂപയായിരുന്നു റെയില്‍വേയുടെ ബജറ്റ് എസ്റ്റിമേറ്റ്. വരുമാനമായി ലഭിച്ചത് 1,74,694.69 കോടി രൂപ. 2,06,269 കോടി എന്ന പുതുക്കിയ എസ്റ്റിമേറ്റ് ലക്ഷ്യം പോലും കൈവരിക്കാന്‍ കഴിഞ്ഞില്ല.

2019-20 ലെ മൊത്തം ചരക്ക് വരുമാനത്തിന്റെ 49 ശതമാനവും കല്‍ക്കരി കയറ്റിറക്കലില്‍ നിന്നാണ് ലഭിച്ചത്. 2018-19ല്‍ മിച്ചം 3,773.86 കോടി രൂപയായിരുന്നത് 2019-20ല്‍ 1,589.62 കോടി രൂപയായി കുറഞ്ഞു. റെയില്‍വേ പെന്‍ഷന്‍ ഇനത്തില്‍ വകയിരുത്തേണ്ട 48,626 കോടി രൂപ മുഴുവനായും പെന്‍ഷന്‍ ഫണ്ടിലേക്ക് വിനിയോഗിച്ചിരുന്നെങ്കില്‍ 1,589.62 കോടി രൂപ മിച്ചത്തിനുപകരം 26,328.39 കോടി രൂപയുടെ നെഗറ്റീവ് ബാലന്‍സിലേക്ക് റെയില്‍വേ എത്തുമായിരുന്നു.

ഈ അവസ്ഥയില്‍ നിന്നു കരകയറാന്‍ താരിഫുകള്‍ പുനഃപരിശോധിക്കുക, ചരക്ക് ഗതാഗതം വൈവിധ്യവല്‍കരിക്കുക, നിഷ്‌ക്രിയ ആസ്തികള്‍ ഉപയോഗിക്കുക തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

അതേസമയം, റെയില്‍വേ പൊതുമേഖലാ സ്ഥാപനങ്ങളുടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ ലാഭം 4,999 കോടി രൂപയില്‍ നിന്ന് 6,536 കോടി രൂപയായി വര്‍ധിച്ചു. 40 റെയില്‍വേ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 30 എണ്ണവും നികുതിക്ക് ശേഷമുള്ള ലാഭം നേടിയിട്ടുണ്ട്.

Top