കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് ബസില്‍ യാത്രക്കാര്‍ കുറഞ്ഞുവരുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യ ബസുകള്‍ പലതും ഓട്ടം നിര്‍ത്തുമെന്ന് അറിയിച്ചു. നിപ വൈറസ് ഭീതി മൂലം ജനം ബസില്‍ കയറാതായതോടെ ചില റൂട്ടുകളില്‍ ബസ് വ്യവസായം തീര്‍ത്തും പ്രതിസന്ധിയിലാണെന്നും ബസുടമകള്‍ പറഞ്ഞു.
പേരാമ്പ്ര, ചാനിയംകടവ്, കുറ്റ്യാടി, പയ്യോളി എന്നീ പ്രദേശങ്ങളിലേക്കുള്ള ബസുകളിലാണ് ജനം കയറാന്‍ മടിക്കുന്നത്. 45ഓളം ബസുകള്‍ ഓടിയിരുന്ന വടകര-പേരാമ്പ്ര റൂട്ടില്‍ ഇപ്പോള്‍ 12 ബസുകള്‍ മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളു. 65 ബസുകള്‍ ഓടിയിരുന്ന കുറ്റ്യാടി റൂട്ടില്‍ 25 ഓളം ബസുകളും ഓട്ടം നിര്‍ത്തി.
യാത്രക്കാര്‍ കുറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി. തൊട്ടില്‍പ്പാലം ഡിപ്പോക്ക് പ്രതിദിന വരുമാനചോര്‍ച്ച രണ്ടുലക്ഷം രൂപയായി കുറഞ്ഞിരിക്കുന്ന സാഹചര്യമാണ്. സ്ഥിതി ഇതേരീതിയില്‍ മുന്നോട്ടുനീങ്ങുന്ന പക്ഷം സര്‍വീസുകളില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതര്‍. നിപ കാരണം ചെറുകിട കച്ചവടക്കാര്‍, ലോട്ടറിക്കാര്‍, തുടങ്ങിയ ഒട്ടോറെ വിഭാഗക്കാരുടെ ഉപജീവന മാര്‍ഗ്ഗമാണ് അടഞ്ഞിരിക്കുന്നത്. രോഗം പകരുമെന്ന ഭീതിയെ തുടര്‍ന്ന് ബാലുശ്ശേരിയിലെ സന്ധ്യാ തിയേറ്ററും അടച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം കോടതിയിലെ സീനിയര്‍ സൂപ്രണ്ട് മധുസൂദനന്‍ നിപ ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പേരാമ്പ്രയിലും കേസുകള്‍ മാറ്റിവയ്ക്കുകയാണ്. തിരക്കുള്ള കോടതികളില്‍ സിറ്റിങ് നിര്‍ത്തിവയ്ക്കാമെന്ന് ഹൈക്കോടതി നിര്‍ദേശം വന്നതോടെ വരുംദിവസങ്ങളില്‍ നിലവിലുള്ള ആളുകള്‍ പോലുമുണ്ടാവില്ല.