കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല മലയാളം പ്രൊഫസര്‍ ഇന്റര്‍വ്യു റാങ്ക് ലിസ്റ്റ് പുറത്ത് വിടാന്‍ ഹൈക്കോടതി ഉത്തരവ്. 2021 ജനുവരിയില്‍ നടന്ന ഇന്റര്‍വ്യൂവിന്റെ റാങ്ക് ലിസ്റ്റ് പുറത്ത് വിടാനാണ് മൂന്ന് വര്‍ഷത്തിന് ശേഷം ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനത്തിന് എതിരെ കേസ് ഫയല്‍ ചെയ്ത ഡോ. ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
മലയാളം പ്രൊഫസര്‍ റാങ്ക് ലിസ്റ്റില്‍ ജോസഫ് സ്‌കറിയക്ക് ഒന്നാം റാങ്കാണെന്ന് നേരത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ അറിയിച്ചിരുന്നു. എന്നാല്‍ സിന്‍ഡിക്കേറ്റിലെ ചില അംഗങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് റാങ്ക് ലിസ്റ്റ് പുറത്ത് വിടാതെ പൂഴ്ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജോസഫ് സ്‌കറിയയ്ക്ക് നിയമനം ലഭിച്ചതുമില്ല. അഭിമുഖത്തിന് മുന്‍പ് തന്നെ റൊട്ടേഷന്‍ ചാര്‍ട്ട് പുറത്ത് വിടണമെന്നാണ് സര്‍വ്വകാലാശാല നിയമം. എന്നാല്‍ റൊട്ടേഷന്‍ ചാര്‍ട്ട് സര്‍വ്വകലശാല ഇത് വരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. മലയാളം വിഭാഗം പ്രൊഫസര്‍ നിയമനം പൂര്‍ത്തിയായാല്‍ മാത്രമേ റൊട്ടേഷന്‍ ചാര്‍ട്ട് പുറത്ത് വിടാനാകൂ എന്നാണ് വൈസ് ചാന്‍സലര്‍ പറഞ്ഞിരുന്നത്. ചാര്‍ട്ട് പുറത്ത് വിട്ടാല്‍ സംവരണ റൊട്ടേഷനിലെ അട്ടിമറി പുറത്ത് വരുമെന്ന് ഭയന്നാണ് ഇതെന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ ആരോപണം.ഈ സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റ് പുറത്ത് വിടാനുള്ള ഹൈക്കോടതി ഉത്തരവ് സര്‍വ്വകലാശാലക്ക് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.