കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരെ തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സെനറ്റംഗം ബാലന്‍ പൂതേരി നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് പരിഗണിക്കുന്നത്. ഹര്‍ജിയില്‍ എതിര്‍കക്ഷികളായ എസ്എഫ്ഐ നേതാക്കള്‍ ഇന്ന് മറുപടി നല്‍കിയേക്കും.
സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളെ ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്താത്ത സാഹചര്യത്തിലാണ് സെനറ്റ് അംഗങ്ങളെ തടഞ്ഞുകൊണ്ട് സമരം നടത്താന്‍ എസ്എഫ്‌ഐ പ്രതിഷേധിച്ചത്. യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിന്റെ ഇരു കവാടങ്ങളിലുമായിരുന്നു പ്രതിഷേധം. തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
ഡിസംബര്‍ 21ലെ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഹര്‍ജിക്കാരന്‍ ഉള്‍പ്പടെയുള്ള സെനറ്റ് അംഗങ്ങളെ തടഞ്ഞ നടപടിക്കെതിരെയുള്ള ഹര്‍ജിയാണ് ജസ്റ്റിസ് എ എ സിയാദ് റഹ്‌മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നത്. എസ്എഫ്ഐക്കാര്‍ തടഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ല. സുരക്ഷ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാല വിസി നല്‍കിയില്ല തുടങ്ങിയവയാണ് ഹര്‍ജിക്കാരുടെ ആക്ഷേപം.