കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് യോഗം ഇന്ന് ചേരും

കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 18 അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് നടക്കുക. നോമിനേറ്റ് ചെയ്തവരില്‍ ഒമ്പത് അംഗങ്ങള്‍ സംഘപരിവാര്‍ അനുകൂലികളാണെന്ന ആരോപണത്തില്‍ എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ സമരം നടത്തി വരികയാണ്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളെ ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. സെനറ്റ് അംഗങ്ങളുടെ നിയമനത്തില്‍ വെള്ളിയാഴ്ച ഹൈക്കോടതി വാദം തുടരും. ഇതിനിടെയാണ് സെനറ്റ് യോഗം ചേരുന്നത്.സവര്‍ക്കറെയല്ല വൈസ് ചാന്‍സലറെയാണ് ആവശ്യം എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കേരളത്തിലെ നിരവധി കോളേജുകളിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിക്കുന്നത്. ഗോ ബാക്ക് വിളികളോടെയാണ് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണറെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രതിരോധിച്ചത്. കഴിഞ്ഞ ദിവസം സമരം സംഘര്‍ഷ സാഹചര്യത്തില്‍ എത്തിയിരുന്നു.

യോഗം നടക്കവെ സംഘപരിവാര്‍ അനുകൂലികളായ സെനറ്റ് അംഗങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ എസ്എഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍വകലാശാലയില്‍ ഇന്ന് സുരക്ഷ ശക്തമാക്കാനാണ് പൊലീസ് തീരുമാനം.

Top