കോഴിക്കോട് : വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ രണ്ടംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
എന്‍.സി.ഡി.സി ജോയിന്റ് ഡയറക്ടര്‍ കെ രഘു, ജോയിന്റ പബ്ലിക് ഹെല്‍ത്ത് സ്‌പെഷലിസ്റ്റ് റുഞ്ചി എന്നിവരുടെ നേത്യത്വത്തിലായിരുന്നു സന്ദര്‍ശനം. കോഴിക്കോട്-മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുമായും മെഡിക്കല്‍ കോളേജ് അധിക്യതരുമായും സംഘം കൂടിക്കാഴ്ച നടത്തി. വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൈമാറും.
രണ്ട് ദിവസം മുന്‍പാണ് വേങ്ങര എ.ആര്‍ നഗര്‍ സ്വദേശിയായ എഴ് വയസുകാരന് വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരുകയാണെന്നും സംഭവത്തില്‍ ആശങ്കപെടേണ്ട ആവശ്യമിലെന്നു അധിക്യതര്‍ അറിയിച്ചു.