കാലിഫോര്‍ണിയയിലെ ബീച്ചിനുള്ള അവകാശവാദം;ഹര്‍ജി സുപ്രീം കോടതി തള്ളി

ലോസ് ആഞ്ചലസ്:ഇന്ത്യന്‍ വംശജനായ വിനോദ് ഖോസ്ല സമര്‍പ്പിച്ച ഹര്‍ജി അമേരിക്കന്‍ സുപ്രീം കോടതി തള്ളി. വടക്കന്‍ കാലിഫോര്‍ണിയയിലെ മാര്‍ട്ടിന്‍സ് ബീച്ച് തന്റേതാണെന്നും, സര്‍ഫര്‍മാരെയും ബീച്ചിലേക്ക് വരുന്ന മറ്റുള്ളവരെയും പ്രദേശത്തേക്ക് കടക്കാനനുവദിക്കരുതെന്നും കാണിച്ച് അദ്ദേഹം സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സണ്‍ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനായ വിനോദ് ഖോസ്ല 2008 ലാണ് 32.5 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കി കടലിനോട് ചേര്‍ന്ന 53 ഏക്കര്‍ സ്ഥലം സ്വന്തമാക്കുന്നത്. അവിടുന്നിങ്ങോട്ടാണ് ഖോസ്ല 2000 കിലോമീറ്റര്‍ വരുന്ന പസഫിക് തീരത്ത് പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കുന്ന വകുപ്പിനെതിരെ നിയമയുദ്ധത്തിലേര്‍പ്പെട്ടത്.

ഹാഫ്മൂണ്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന മാര്‍ട്ടിന്‍സ് ബീച്ചിനോട് ചേര്‍ന്നാണ് ഖോസ്ലയുടെ സ്വകാര്യ ഭൂമി സ്ഥിതി ചെയ്യുന്നത്. സര്‍ഫര്‍മാരും സഞ്ചാരികളും ധാരാളമായെത്തുന്ന സ്ഥലമാണിത്. നേരത്തേ കീഴ്‌കോടതികളെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഖോസ്ല സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം തീരസംരക്ഷണ സമിതിയും സര്‍ഫര്‍മാരുടെ സംഘടനകളും കോടതിവിധിയെ സ്വാഗതം ചെയ്തു.

Top