സാക്രമെന്റോ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കലിഫോര്‍ണിയയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം.
ജനങ്ങളോട് വീടുകളില്‍ തുടരണം,അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടുവിട്ട് പുറത്തിറങ്ങരുതെന്നും കഠിനമായ തീരുമാനങ്ങള്‍ എടുക്കേണ്ട നിമിഷമാണിതെന്നും നാം യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഉത്തരവ് പ്രകാരം അവശ്യസാധനങ്ങളും മരുന്നുകളും വാങ്ങുന്നതിനും നടക്കാനും വ്യായാമം ചെയ്യാനും മാത്രം വീട് വിട്ട് പുറത്ത് പോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ആളുകളുമായി ഇടപഴകുന്നതിന് വിലക്കുണ്ട്. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഓരോ നാല് ദിവസത്തിലും അണുബാധയുടെ നിരക്ക് ഇരട്ടിയാകുകയാണ്. വരുന്ന എട്ട് ആഴ്ചകള്‍ക്കുള്ളില്‍ സംസ്ഥാനത്തെ ജനസംഖ്യയിലെ ഏകദേശം 56 ശതമാനത്തോളം (25.5 ദശലക്ഷം) പേരെ വൈറസ് ബാധിച്ചേക്കുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് അയച്ച കത്തില്‍ ഗവര്‍ണര്‍ സൂചിപ്പിച്ചു.
അതേസമയം, ഇതുവരെ കലിഫോര്‍ണിയയില്‍ ആയിരത്തോളം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 19 പേരാണ് മരണപ്പെട്ടത്.