സാക്രമെന്റോ : കാലിഫോർണിയയിൽ ഉണ്ടായ കാട്ടുതീ അമേരിക്ക 1932 മുതൽ നേരിട്ടതിൽ ഏറ്റവും വലുതെന്ന് കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ.
‘തോമസ് ഫയർ’ എന്നാണ് കാലിഫോർണിയയെ വിഴുങ്ങിയ കാട്ടുതീയ്ക്ക് അധികൃതർ നൽകിയ പേര്.
ശക്തമായി കത്തിയ തീ ഏകദേശം 273,400 ഏക്കർ (70,172 ഹെക്ടർ) നശിപ്പിച്ചു. 1,063 കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. തീയിൽ ഉണ്ടായ നഷ്ടങ്ങൾ ഏകദേശം 177 ദശലക്ഷം ഡോളറിന് മുകളിൽ വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2,800 അഗ്നിശമന സേനാംഗങ്ങളാണ് തീയണയ്ക്കാൻ പരിശ്രമം നടത്തിയത്. നിലവിൽ പകുതിയോളം തീ അടങ്ങി അപകട ഭീഷണി മാറിയിട്ടുണ്ട്.
ഡിസംബർ 14 ന് വെന്റുറ കൗണ്ടയിൽ ഫയർ എൻജിനീയർ കോറി ഐവിഴ്സൺ തീയണയ്ക്കാൻ പരിശ്രമിക്കുന്നതിനിടെ മരണപ്പെട്ടിരുന്നു.
തോമസ് ഫയർ 2003ലെ സെഡാർ ഫയറിനെക്കാളും വലുതാണ്. സെഡാർ ഫയർ 273,246 ഏക്കർ അഗ്നിക്കിരയാക്കിയിരുന്നു.
കാലിഫോർണിയയിലെ 1932 മുതലുള്ള ഏറ്റവും വലിയ 20 കാട്ടുതീകളുടെ പട്ടികയിൽ ഒന്നാമതാണ് തോമസ് ഫയർ.
എന്നാൽ 1932ന് മുൻപ് 1889ൽ ഉണ്ടായ സാന്റിയാഗോ കാന്യോൺ ഫയറാണ് 300,000 ഏക്കർ നശിപ്പിച്ച വലിയ തീപിടിത്തം.