കോള്‍ സെന്റര്‍ തട്ടിപ്പ്: ഡോളര്‍ തട്ടിയെടുത്ത കേസില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാര്‍

ഷിക്കാഗോ: കോള്‍ സെന്റര്‍ തട്ടിപ്പില്‍ ഡോളര്‍ തട്ടിയെടുത്ത കേസില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് കോടതി. ഇന്ത്യയിലെ അഹമ്മദാബാദിലുള്ള വിവിധ കോള്‍ സെന്ററുകള്‍ വഴി രണ്ടായിരം അമേരിക്കക്കാരെ കബളിപ്പിച്ച് ഏകദേശം 5.5 മില്യണ്‍ ഡോളര്‍ തട്ടിയെടുത്ത കേസിലാണ് ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ കുറ്റക്കാരാണെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചത്. അഞ്ച് കോള്‍ സെന്ററുകളും പ്രതി പട്ടികയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ വ്യാഴാഴ്ച അമേരിക്കയില്‍ അറസ്റ്റു ചെയ്തതായി യു.എസ് അറ്റോര്‍ണി ബയുങ് ജെ പാക് വ്യക്തമാക്കി.

ഐ.ആര്‍.എസ്, യു.എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് എന്നിവയിലെ ഉദ്യോഗസ്ഥരെന്നു നടിച്ച കോള്‍ സെന്ററുകളില്‍ നിന്ന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രായമായവരെയും, നിയമാനുസൃതം കുടിയേറിയവരെയും വിളിച്ച് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും അറസ്റ്റ്, തടവ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉടന്‍ വരുമെന്നും ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.

നടപടികള്‍ ഒഴിവാക്കുന്നതിന് പണം നല്‍കിയാല്‍ മതിയെന്നും ഇവര്‍ പിന്നീട് സൂചിപ്പിക്കും. ഭീഷണിപ്പെടുത്തിയവര്‍ ഇതിനു വഴങ്ങിയാല്‍ അമേരിക്കയിലുള്ള ഇടനിലക്കാര്‍ വഴി പണം ഇന്ത്യയിലേക്ക് കടത്തും. പ്രീ പെയ്ഡ് ഡെബിറ്റ് കാര്‍ഡുകള്‍ വഴിയോ, വയര്‍ ട്രാന്‍സ്ഫര്‍ വഴിയോ, മണിഗ്രാം, വെസ്റ്റേണ്‍ യൂണിയന്‍ എന്നിവ മുഖേനെയോ ആണ് അമേരിക്കയില്‍ നിന്ന് ഗൂഢാലോചനയില്‍ സഹായിച്ചവര്‍ പണം കടത്തിയിരുന്നത്. 2012 – 16 കാലഘട്ടത്തിലാണ് തട്ടിപ്പ് നടത്തിയത്.

Top