Call drops: Telcos move SC against Delhi HC’s order on compensation

ന്യൂഡല്‍ഹി: കോള്‍ഡ്രോപ് പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് താമസമെന്ന് ടെലികോം കമ്പനികളോട് സുപ്രീം കോടതി. ഫോണ്‍ ചെയ്യുന്നതിനിടെ കോള്‍ മുറിഞ്ഞുപോയാല്‍ ഉപഭോക്താക്കള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന നിര്‍ദേശത്തില്‍നിന്നു തങ്ങളെ ഒഴിവാക്കണമെന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് ഓഫ് ഇന്ത്യയുടെ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

ചീഫ് ജസ്റ്റീസ് ടി.എസ്. താക്കൂറിന്റെ ബെഞ്ചില്‍ പരിഗണനയ്‌ക്കെത്തിയ കേസില്‍ ടെലികോം സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സിനായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്.

കോള്‍ഡ്രോപ് പ്രശനത്തില്‍ അടിയന്തര തീരുമാനം വേണമെന്നും ഇല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്കു നഷ്ടപരിഹാരമായി ടെലികോം കമ്പനികള്‍ കോടികള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. ഇതും കേട്ടശേഷമായിരുന്നു കമ്പനികളുടെ ചട്ടക്കൂടില്‍ തന്നെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തുകൊണ്ടാണ് കമ്പനികള്‍ക്ക് സാധിക്കാത്തതെന്ന് കോടതി ചോദിച്ചത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി.

ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോള്‍ മുറിഞ്ഞുപോയാല്‍ ഉപയോക്താക്കള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ടെലികോം റെഗുലേറ്ററി അതോറിറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ടെലികോം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയത്. ഓരോ മുറിഞ്ഞു പോകുന്ന വിളിക്കും നഷ്ടപരിഹാരമായി ഒരു രൂപ ഉപയോക്താവിന് നല്‍കണമെന്നായിരുന്നു ട്രായിയുടെ നിര്‍ദേശം.

എന്നാല്‍ ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടിവന്നാല്‍ ഒരു വര്‍ഷം കമ്പനികള്‍ക്ക് 54,000 കോടി രൂപ നഷ്ടമുണ്ടാകുമെന്നാണ് ടെലികോം കമ്പനികളുടെ വാദം.

Top