രാത്രിയില്‍ സഹായത്തിനായി 100ലേക്ക് വിളിച്ചു, ഇത് തങ്ങളുടെ ഏരിയ അല്ലെന്ന് പൊലീസ്

കോട്ടയം: കാറോടിച്ചു ഗൃഹനാഥന്‍ അബോധാവസ്ഥയിലായതോടെ രാത്രിയില്‍ കാറില്‍ എന്തു ചെയ്യണമെന്നറിയാതെ അമ്മയും രണ്ടു പെണ്‍മക്കളും സഹായത്തിനായി പൊലീസിന്റെ ഹെല്‍പ് ലൈന്‍ നമ്പരായ 100ലേക്കു വിളിച്ചു.

എന്നാല്‍ പൊലീസിന്റെ മറുപടി ഇത് തങ്ങളുടെ ഏരിയ അല്ലെന്നായിരുന്നു. മണിക്കൂറുകളോളം കാറില്‍ കുടുങ്ങിയ കുടുംബത്തിന് പിന്നീടു താങ്ങായത് ലയണ്‍സ് ക്ലബ് അധികൃതരാണ്.

ചിങ്ങവനം സ്വദേശികളായ ഡെയ്‌സില്‍ ചാക്കോ, ഭാര്യ ആനി ഡെയ്‌സില്‍, 21ഉം 19ഉം വയസ്സുള്ള ഇവരുടെ പെണ്‍മക്കള്‍ എന്നിവര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

ഈരാറ്റുപേട്ടയ്ക്കു സമീപം പൂവത്തോട്ടിലാണു സംഭവം നടക്കുന്നത്. കുടുംബം റാന്നിയിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങുമ്പോഴായിരുന്നു ഡെയ്‌സില്‍ ചാക്കോയ്ക്ക് ബോധക്ഷയം സംഭവിക്കുന്നത്. തുടര്‍ന്നായിരുന്നു പൊലീസിന്റെ സഹായം തേടിയത്.

എന്നാല്‍ പൊലീസ്, കുടുംബം പൂവത്തോട്ടിലാണെന്നു മനസിലാക്കിയതോടെ ഇതു തങ്ങളുടെ ഏരിയ അല്ലെന്നു പറഞ്ഞു ഫോണ്‍ വയ്ക്കുകയായിരുന്നു.

Top