ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ; ഐക്യരാഷ്ട്രസഭയുടെ അടിയന്തര യോഗം ചേരും

ജനീവ: ജറുസലേമിലെ സംഘര്‍ഷത്തില്‍ നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേരും.

സ്വീഡന്‍, ഈജിപ്ത്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് സുരക്ഷാ കൗണ്‍സില്‍ അടിയന്തരയോഗം ചേരുന്നത്.

യോഗത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്യുന്നത് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ അയവുവരുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളായിരിക്കും.

നേരത്തെ, അല്‍അക്‌സാ മോസ്‌കിലുണ്ടായ സംഘര്‍ഷത്തെ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രംഗത്തെത്തിയിരുന്നു. സംഘര്‍ഷങ്ങളെ ശക്തമായി അപലപിച്ച ഗുട്ടെറസ്, അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഇസ്രയേല്‍, പലസ്തീന്‍ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അല്‍അക്‌സാ മോസ്‌കില്‍ പ്രാര്‍ഥനയ്ക്ക് ഇസ്രയേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തില്‍ നാലു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിരുന്നു.

മോസ്‌ക് സ്ഥിതിചെയ്യുന്ന മേഖലയിലേക്കുള്ള പ്രവേശന കവാടത്തില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടര്‍ നീക്കം ചെയ്യില്ലെന്ന ഇസ്രയേലിന്റെ കടുംപിടിത്തമാണു സംഘര്‍ഷത്തിനു തുടക്കം.

അമ്പതുവയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കേ അല്‍ അക്‌സാ മോസ്‌ക് സ്ഥിതിചെയ്യുന്ന മേഖലയില്‍ പ്രവേശനം അനുവദിക്കൂവെന്ന ഇസ്രേലി നിലപാടും അംഗീകരിക്കില്ലെന്നു പലസ്തീന്‍കാര്‍ വ്യക്തമാക്കിയിരുന്നു.

Top