ലണ്ടന്‍: മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി കേംബ്രിഡ്ജ് അനലിറ്റിക്ക. വസ്തുതാ രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് കത്തയക്കുമെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക ട്വീറ്റ് ചെയ്തു. തങ്ങള്‍ ഒരു മാര്‍ക്കറ്റിംഗ് കമ്പനിയാണ്. പല രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. തങ്ങള്‍ ഫേസ്ബുക്ക് ഹാക്ക് ചെയ്യുകയോ നിയമ വിരുദ്ധമായി വിവരശേഖരണം നടത്തുകയോ ചെയ്തിട്ടില്ലെന്നും കേംബ്രിഡ്ജ് അനലറ്റിക്കയുടെ ട്വീറ്റില്‍ പറയുന്നു.
ഫേസ്ബുക്കില്‍ നിന്ന് അഞ്ചു കോടി ഉപയോക്താക്കളുടെ വ്യക്തിവിവരം ചോര്‍ത്തി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉപയോഗിച്ചെന്ന കേംബ്രിജ് അനലറ്റിക്ക കമ്പനി സിഇഒ അലക്‌സാണ്ടര്‍ നിക്‌സിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ തല പൊക്കിയത്. തുടര്‍ന്ന് അലക്‌സാണ്ടര്‍ നിക്‌സിനെ കമ്പനി സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിക്‌സിന്റെ വാക്കുകളില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളോ മൂല്യങ്ങളോ പ്രതിഫലിക്കുന്നില്ലെന്ന് കേംബ്രിജ് അനലറ്റിക്കയുടെ ബോര്‍ഡ് പ്രതികരിച്ചിരുന്നു.