ബസുകളില്‍ ക്യാമറയും സീറ്റ്ബെല്‍റ്റും ഘടിപ്പിക്കണമെന്ന നിര്‍ദേശംവന്ന് ഒരുവര്‍ഷമാകാറായിട്ടും ക്യാമറ സ്ഥാപിക്കുന്നതിലെ ആശയക്കുഴപ്പം തീരുന്നില്ല. കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി ഗതാഗതവകുപ്പിന്റെ ഉത്തരവ് സ്റ്റേചെയ്തിട്ട് രണ്ടാഴ്ച പിന്നിട്ടു.
സംസ്ഥാനത്താകെ 3,000-ത്തോളം സ്വകാര്യബസുകള്‍ ഇതിനകം ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ സ്ഥാപിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്നാണ് ബസുടമകളുടെ സംഘടനകള്‍ പറയുന്നത്. ക്യാമറയ്ക്ക് 12,000-രൂപയ്ക്ക് മുകളില്‍ ചെലവുവരും. സര്‍ക്കാര്‍ പറയുന്ന നിലവാരത്തിലുള്ള ക്യാമറകള്‍ മുന്‍കൂര്‍ ബുക്ക്ചെയ്താലും കിട്ടാനില്ല.ക്യാമറ വാങ്ങാന്‍ ചെലവായതിന്റെ പകുതി തുക റോഡ് സുരക്ഷാ അതോറിറ്റിവഴി അപേക്ഷ നല്‍കിയാല്‍ സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ക്യാമറ സ്ഥാപിച്ചവര്‍ക്ക് ഇതുവരെയും പണം ലഭിച്ചിട്ടില്ലെന്നാണ് ബസുടമകള്‍ പറയുന്നത്. സ്വകാര്യബസുകളുടെ മത്സരയോട്ടംമൂലമുണ്ടാകുന്ന അപടകടങ്ങള്‍ കുറയ്ക്കാനാണ് ക്യാമറ സ്ഥാപിക്കണമെന്ന് പറയുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് പറയുന്നു.
സ്റ്റേ കാലാവധി കഴിഞ്ഞ് 19 ദിവസം പൂര്‍ത്തിയായിട്ടും പ്രശ്നത്തില്‍ അന്തിമതീരുമാനമാകാത്തതോടെ ക്യാമറസ്ഥാപിക്കലും അനിശ്ചിതത്വത്തിലായി.ഫെബ്രുവരി 28-നകം ബസുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകള്‍ സ്ഥാപിക്കണമെന്നായിരുന്നു ഗതാഗതവകുപ്പിന്റെ ഉത്തരവ്. കുറഞ്ഞ സമയത്തിനുള്ളില്‍ ക്യാമറ സ്ഥാപിക്കാനാകില്ലെന്നും സമയപരിധി നീട്ടണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ഇതോടെ, മാര്‍ച്ച് 31 വരെയും പിന്നീട് സെപ്റ്റംബര്‍ 30 വരെയും ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ 31 വരെയും സമയം നീട്ടിയിരുന്നു.