സംഘടനാ തിരഞ്ഞെടുപ്പു നടത്താൻ മറ്റേത് രാഷ്ട്രിയ പാർട്ടിക്ക് കഴിയും ?

രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഇല്ലാത്ത ഒരു പ്രത്യേകത ഇന്ത്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുണ്ട്. കൃത്യമായി സംഘടനാ സമ്മേളനങ്ങള്‍ നടത്തി പുതിയ നേതൃനിരയെ തിരഞ്ഞെടുക്കുന്നവരാണ് കമ്യൂണിസ്റ്റുകള്‍. ആരംഭ കാലം മുതല്‍ തുടങ്ങിയ ഈ രീതിക്ക് കൊറോണക്കാലത്തും ഒരു മുടക്കവും വന്നിട്ടില്ല. വരുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയായ സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനം കൊച്ചിയില്‍ സമാപിച്ചു കഴിഞ്ഞു. തികച്ചും ജനാധിപത്യ രീതിയില്‍ തന്നെ പുതിയ ഭാരവാഹികളെയും ആ പാര്‍ട്ടി തിരഞ്ഞെടുത്തിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനാണ് പ്രധാന അമരക്കാരന്‍.

88 അംഗ സംസ്ഥാന കമ്മിറ്റിയ തിരഞ്ഞെടുത്തപ്പോള്‍ അതില്‍ യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം നല്‍കാനും സി.പി.എം പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും അഖിലേന്ത്യാ അദ്ധ്യക്ഷന്‍മാരായ, വി.പി സാനു, എ.എ റഹീം എന്നിവരും പുതിയ കമ്മറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണും മുന്‍ ഡി.വൈ.എഫ്.ഐ നേതാവും നിലവില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ചിന്ത ജെറോം, സംസ്ഥാന കമ്മറ്റിയിലെ ബേബിയാണ്. ഇവരുള്‍പ്പെടെ 16 പേരാണ് പുതുമുഖങ്ങള്‍.

സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ ഇത്തവണ ഇടംപിടിച്ചവരില്‍ 13 പേരാണ് വനിതകള്‍. 17 അംഗ സെക്രട്ടറിയറ്റിലും പുതുമുഖങ്ങള്‍ ഏറെയാണ്. എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍. കെ കെ ജയചന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍ എന്നിവര്‍ സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങളാണ്. ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റുകൂടിയാണ് മന്ത്രി മുഹമ്മദ് റിയാസ്, ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്, എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പുത്തലത്ത് ദിനേശന്‍, എസ്.എഫ്.ഐ പ്രസിഡന്റായിരുന്ന പി.കെ ബിജു എന്നീ യുവ നേതാക്കളെ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ എടുക്കുക വഴി കേരളത്തിലെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ തലമുറക്കാണ് സി.പി.എം അവസരം നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ 5 അംഗ കണ്‍ട്രോള്‍ കമീഷനെയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തിട്ടുണ്ട്.

ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തീര്‍ച്ചയായും നടപ്പാക്കേണ്ട നടപടി ക്രമമാണ് സി.പി.എം സംസ്ഥാന തലത്തില്‍ വീണ്ടും പൂര്‍ത്തീകരിച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും സംഘടനാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് പാര്‍ട്ടി കോണ്‍സ്സിന് തിരശ്ശീല വീഴുന്നതോടെ ഈ പ്രക്രിയ പൂര്‍ത്തിയാകും.

ഇത്തരത്തില്‍ കൃത്യമായി പാര്‍ട്ടി സമ്മേളനങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും മറ്റു പാര്‍ട്ടികള്‍ക്ക് നിലവില്‍ സാധ്യമല്ല. ബി.ജെ.പിയും കോണ്‍ഗ്രസ്സും ഉള്‍പ്പെടെ സകല പാര്‍ട്ടികളും പിന്തുടരുന്നത് ‘നോമിനേഷന്‍’ സമ്പ്രദായമാണ്. അവിടെ വ്യക്തികള്‍ തീരുമാനിച്ചാല്‍ അവര്‍ ആരായാലും പാര്‍ട്ടി തലപ്പത്തു വന്നിരിക്കും. പാര്‍ലമെന്ററി രാഷ്ട്രീയത്തിലും ഇതേ ശൈലി തന്നെയാണ് ബൂര്‍ഷ്യാ പാര്‍ട്ടികള്‍ പിന്തുടരുന്നത്.

ബി.ജെ.പി നേതാക്കള്‍ ആരാകണമെന്ന് തീരുമാനിക്കുന്നത് തന്നെ ആര്‍.എസ്.എസ് നേതൃത്വമാണ്. കോണ്‍ഗ്രസ്സില്‍ നെഹറു കുടുംബമാണ് ആ ചുമതല നിര്‍വ്വഹിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിനു പേരിനു പോലും ഒരു സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല. മുസ്ലീം ലീഗിലാകട്ടെ പാണക്കാട്ട് തങ്ങന്‍മാര്‍ തീരുമാനിക്കുന്നവരാണ് തലപ്പത്തു വരിക. മറ്റു പ്രാദേശിക പാര്‍ട്ടികളും ഇതേ പാതയില്‍ തന്നെയാണ് നിലവില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

ഇവിടെയാണ് സി.പി.എം എന്ന കമ്യൂണിസ്റ്റു പാര്‍ട്ടി വ്യത്യസ്തമായിരിക്കുന്നത്. വിമര്‍ശനം മാത്രമല്ല സ്വയം വിമര്‍ശനവും ആ പാര്‍ട്ടിയും അവരുടെ വര്‍ഗ്ഗ ബഹുജന സംഘടനകളും നടത്തും. പ്രവര്‍ത്തന റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും നയരേഖയും ഉള്‍പ്പെടെ സംസ്ഥാന ദേശീയ അന്തര്‍ദേശീയ കാര്യങ്ങളും സി.പി.എം സമ്മേളനങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യും. കൊച്ചിയില്‍ നടന്നതും അതു തന്നെയാണ്. ഈ വിഷയങ്ങള്‍ സംബന്ധമായ നിരവധി പ്രമേയങ്ങളും സംസ്ഥാന സമ്മേളനം പാസാക്കുകയുണ്ടായി.

ഏറ്റവും ഒടുവിലാണ് പ്രതിനിധികള്‍ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. ഏതൊരു രാഷ്ട്രീയ പാര്‍ട്ടികളിലും തീര്‍ച്ചയായും നടക്കേണ്ട ഇത്തരം കാര്യങ്ങള്‍ കമ്യൂണിസ്റ്റു പാര്‍ട്ടികളില്‍ മാത്രമാണ് നടക്കുന്നത് എന്നത് വലിയ ഒരു പോരായ്മ തന്നെയാണ്. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. അതിന് മുന്‍കൈ എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാറുമാണ്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ നിര്‍ബന്ധമായും സംഘടനാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്ന കര്‍ശനമായ ഒരു നിയമമാണ് ഇന്നു നമ്മുടെ രാജ്യത്തിനു ആവശ്യം. അത്തരം ഒരു നിയമം കൊണ്ടുവരാന്‍ തയ്യാറായാല്‍ രാജ്യത്തെ രാഷ്ട്രീയ ‘ചിത്രം’ കൂടിയാണ് മാറുക. ഒരു വിഭാഗത്തിന്റെ മാത്രം കുത്തക അധികാര കേന്ദ്രമായി ഒരു പാര്‍ട്ടിയും മാറിക്കൂടാ. ഇത്തരക്കാര്‍ക്ക് പാര്‍ട്ടി പദവികളും പാര്‍ലമെന്ററി പദവികളും എല്ലാം അഴിമതി നടത്താനുള്ള വേദികള്‍ മാത്രമാണ്. അത് അവസാനിപ്പിക്കാതെ ഇവിടെ ഒന്നും ശരിയാകാന്‍ പോകുന്നില്ല.

ഇത് പുതിയ കാലമാണ്. ടെക്‌നോളജിയുടെ ഈ പുതിയ കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളും ഏറെ മാറാനുണ്ട്. പുതിയ തലമുറയ്ക്കും സ്ത്രീകള്‍ക്കുമെല്ലാം അവസരങ്ങള്‍ നല്‍കേണ്ടതും കാലഘട്ടം ആവശ്യപ്പെടുന്നതാണ്. ഈ സാഹചര്യത്തില്‍ വലിയ ഒരു മാതൃക തന്നെയാണ് സി.പി.എം വീണ്ടും സൃഷ്ടിച്ചിരിക്കുന്നത്. അത് എന്തായാലും പറയാതെ വയ്യ.

EXPRESS KERALA VIEW

Top