ന്യൂയോര്‍ക്ക്: സൂര്യനില്‍ നിന്നും ഭൂമിയില്‍ എത്തുന്ന സൂര്യപ്രകാശത്തിന്റെ തോത് കുറച്ച് ആഗോളതാപനത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുക. കേള്‍ക്കുമ്പോള്‍ എന്തൊരു ഭ്രാന്തന്‍ ആശയമെന്ന് തോന്നാം. എന്നാല്‍ ഇത്തരം ഒരു ആശയത്തിന് വേണ്ടി പണം ഇറക്കിയിരിക്കുന്നത് വെറും ആളല്ല. മൈക്രോസോഫ്റ്റ് സഹസ്ഥാപകനും, ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ബില്‍ഗേറ്റ്‌സാണ്. ആഗോള താപനം അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരം കാണുവാന്‍ ഇത്തരം ഒരു ആശയത്തിന് സാധിക്കുമെന്നാണ് ബില്‍ഗേറ്റ്‌സ് കരുതുന്നത്.
ഈ ആശയത്തിന്റെ ഭാഗമായി, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സോളാര്‍ എന്‍ജിനീയറിങ് റിസര്‍ച്ച് പദ്ധതിക്കായി സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ബില്‍ഗേറ്റ്‌സ്. 100 ദശലക്ഷം ഡോളറാണ് ഈ സമ്പത്തിക സഹായം. പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന ഘടകങ്ങള്‍ പ്രത്യേകിച്ച് വായുവില്‍ തങ്ങി നില്‍ക്കുന്ന ഖര, ദ്രാവക സൂക്ഷ്മ ഘടകങ്ങള്‍ വച്ച് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് കൂടുതലായി എത്തുന്നത് തടയുന്നതാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന പ്രധാന ആശയം.
എന്നാല്‍ സ്‌കോപെക്‌സ് അഥവ സ്ട്രാറ്റോസ്‌ഫെറിക് കണ്ട്രോള്‍ഡ് പെര്‍ടര്‍ബേഷന്‍ എക്‌സ്‌പെരിമെന്റ് എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ ഈ വിഷയത്തില്‍ നടത്തുന്ന പരീക്ഷണത്തിന്റെ പേര്. ഇതിലാണ് ബില്‍ഗേറ്റ്‌സിന്റെ സഹായം ലഭിച്ചിരിക്കുന്നത്. ബലൂണുകളും മറ്റും ഉപയോഗിച്ച് . 100 ഗ്രാം മുതല്‍ രണ്ട് കിലോഗ്രാം വരെ ഭാരത്തിലുള്ള സൂക്ഷ്മ വസ്തുക്കളുടെ വ്യാപനം 20 കിലോമീറ്റര്‍ ഉയരത്തില്‍ നടത്തി അവയുടെ നിരന്തരമായ പഠനം നടത്തിയായിരിക്കും ഈ പദ്ധതി മുന്നോട്ട് നയിക്കുക എന്നാണ് സൂചന.
2015 മുതല്‍ 2019വരെ അഞ്ച് വര്‍ഷം നൂറ്റാണ്ടിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷങ്ങളാണ് എന്നാണ് ലോക കാലാവസ്ഥ ഏജന്‍സികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോളതാപനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ എത്രയും വേഗം സ്വീകരിക്കേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പലപ്പോഴായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനു പറ്റിയ മാര്‍ഗമാണ് ഭൂമിയിലേക്ക് സൂര്യപ്രകാശം എത്തുന്നത് കുറയ്ക്കുക എന്നത്. പക്ഷെ ഇത്തരം ശ്രമങ്ങള്‍ തിരിച്ചടി ഉണ്ടാക്കുമോ എന്ന് കരുതുന്നവരും കുറവല്ല. ഇത്തരം ആഗോള താപനം തടയാനുള്ള ശ്രമം പരാജയപ്പെട്ട് ഭൂമി ഒരു മഞ്ഞുഗ്രഹമായി മാറുന്ന കഥയാണ് 2013 ല്‍ ഇറങ്ങിയ സ്നോപിയേഴ്സര്‍ എന്ന സിനിമയും, പിന്നീട് ഇതേ പേരില്‍ ഇറങ്ങിയ ടിവി സീരിസും പറയുന്നത്.