Can Hillary Clinton buy the 2016 election?

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇരു സ്ഥാനാര്‍ഥികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് റിപ്പോര്‍ട്ടുകള്‍.

അവസാന പ്രസിഡന്‍ഷ്യല്‍ സംവാദത്തിന് ശേഷം കൃത്യമായ ലീഡുണ്ടായിരുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് ഇ മെയില്‍ വിവാദത്തിലെ എഫ്ബിഐയുടെ പുതിയ അന്വേഷണം വന്‍ തിരിച്ചടിയാണുണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ, എബിസി ന്യൂസും വാഷിങ്ടണ്‍ പോസ്റ്റും നടത്തിയ സര്‍വേയില്‍ ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇരുവരും തമ്മിലുള്ളത്.

ഹിലരി ക്ലിന്റണ് 46 ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ ഡൊണാള്‍ഡ് ട്രംപിന് 45 ശതമാനത്തിന്റെ പിന്തുണ ലഭിച്ചു. എഫ്ബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ അമേരിക്കയിലെ മൂന്നിലൊന്ന് വോട്ടര്‍മാരും ഹിലരിക്ക് എതിരായെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഫ്‌ളോറിഡ ഉള്‍പ്പെടെയുള്ള സ്റ്റേറ്റുകളില്‍ മേല്‍ക്കൈ നേടാനും ട്രംപിന് കഴിഞ്ഞു.

അതിനിടെ, പുതുതായി പുറത്തുവന്ന ഇമെയിലുകള്‍ പരിശോധിക്കാന്‍ ഹിലരിക്കെതിരെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് നേതാവ് ആന്റണി വെയ്‌നര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറില്‍നിന്നുമുള്ള മെയിലുകള്‍ എഫ്ബിഐ പരിശോധിക്കും.

ഇതോടെ ഈ സര്‍വറിലുള്ള ഹിലരിയുടെ സ്വകാര്യ ഇമെയിലുകള്‍ സംബന്ധിച്ച് വിവരം ലഭിക്കുമെന്നാണ് കരുതുന്നത്. ഹിലരി ക്ലിന്റണ്‍ 2009നും 2013നുമിടയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന കാലത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇമെയില്‍ സര്‍വര്‍ ഉപയോഗിച്ചെന്നാണ് ആരോപണം.

എന്നാല്‍ പുതിയ അന്വേഷണനീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഡെമോക്രാറ്റിക് വൃത്തങ്ങള്‍ പറയുന്നത്.

Top