ലക്‌നൗ: നാട്ടിലേക്ക് ഇനിയില്ലെന്ന് ദാദ്രി സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ദാനിഷ്. പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ ഇളയമകനായ ദാനിഷിനെയും ജനക്കൂട്ടം തലയ്ക്കിടിച്ച് പരിക്കേല്‍പിച്ചിരുന്നു.
ഒരു കാരണവുമില്ലാതെതനിക്കും പിതാവിനും നേരെ ആക്രമണം നടത്തിയത്. തന്റെ ശരീരത്തിനേറ്റ പരിക്കിനേക്കാള്‍ ദാദ്രി തന്റെ ഹൃദയത്തെയാണ് പരിക്കേല്‍പിച്ചതെന്നും ദാനിഷ് പറയുന്നു. ആക്രമിച്ചവരില്‍ കൂടുതല്‍ പേരും ദിവസേന കാണുന്ന സുഹൃത്തുക്കളാണ്.
‘ആ ദിവസം.. ഒരു തെറ്റും ചെയ്യാതെയാണ് ഞങ്ങളെ അവര്‍ തല്ലിച്ചതച്ചത്. ഒരു കാരണവുമില്ലാതെ ഞങ്ങളെ ആക്രമിച്ചു. നിങ്ങളുടെ സമുദായക്കാരുടെ സാന്നിദ്ധ്യം തീരെ കുറഞ്ഞ ഗ്രാമത്തില്‍ നിങ്ങള്‍ ആക്രമിക്കപ്പെട്ടിരിക്കെ വീണ്ടും അതേസ്ഥലത്തേക്ക് പോകാന്‍ താല്‍പര്യപ്പെടുമോ?’ ദാനിഷ് ചോദിക്കുന്നു. അക്രമത്തില്‍ തനിക്ക് സാരമായി മുറിവേറ്റെന്നും എന്നാല്‍ കൂടുതല്‍ മുറിവേറ്റത് തന്റെ ഹൃദയത്തിനാണെന്നും നടുക്കുന്ന ഓര്‍മകളെ അനുസ്മരിച്ച് ദാനിഷ് പറയുന്നു.
സെപ്തംബര്‍ 28ന് രാത്രിയാണ് പശുവിനെ കൊന്നു തിന്നുവെന്നാരോപിച്ച് 52കാരനായ മുഹമ്മദ് അഖ്‌ലാക്കിനെ ജനക്കൂട്ടം തല്ലിക്കൊന്നത്. വീട്ടിലുണ്ടായിരുന്ന ദാനിഷിനെയും ക്രൂരമായി മര്‍ദ്ദിച്ചു.
പ്രദേശത്തെ ക്ഷേത്രത്തില്‍ നിന്നുള്ള അനൗണ്‍സ്‌മെന്റാണ് രാജ്യത്തെ നടുക്കിയ സംഭവത്തിലേക്ക് നയിച്ചത്. സംഭവം രാജ്യത്ത് വളരുന്ന അസഹിഷ്ണുതയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.
രണ്ടു മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട ദാനിഷ് ഇന്നലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. വ്യോമസേനയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സര്‍താജിനൊപ്പമാണ് ദാനിഷും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. അക്രമികളുടെ പേരു വിവരങ്ങള്‍ പൊലീസിന് പറഞ്ഞുകൊടുത്ത സാഹചര്യത്തില്‍ ദാദ്രിയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന് അഖ്‌ലാക്കിന്റെ കുടുംബം കരുതുന്നു.