മോണ്‍ട്രിയല്‍: നയതന്ത്ര രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ അമേരിക്ക വേട്ടയാടിയ എഡ്വേര്‍ഡ് സ്നോഡന് അഭയം നല്‍കിയ നാല് ശ്രീലങ്കന്‍ അഭയാര്‍ഥികളെ കാനഡ സ്വീകരിക്കും. സുപുന്‍ തിലിന കേളപ്പത, നദീക ദില്‍റുക്ഷി നോണിസ്, അവരുടെ മക്കളായ സേതുമദി, ദിനാത് എന്നിവര്‍ മോണ്‍ട്രിയലിലെത്തി.
ഹോങ്കോങ്ങില്‍ അഭയാര്‍ഥികളായി കഴിയുകയായിരുന്ന ഇവര്‍ വര്‍ഷങ്ങളുടെ അനിശ്ചിതത്വത്തിനൊടുവില്‍ ചൊവ്വാഴ്ചയാണ് കാനഡയിലെത്തിയത്. ഹോങ്കോങ്ങില്‍ തങ്ങുന്നത് സുരക്ഷിതമല്ലെന്നു കാട്ടി അഞ്ചു വര്‍ഷം മുമ്പാണ് ഇവര്‍ അഭയത്തിനായി സമീപിച്ചത്.
ആക്ടിവിസ്റ്റിന് അഭയം നല്‍കിയവരില്‍ ഇവരും ഉണ്ടായിരുന്നെന്ന് 2016ല്‍ പുറത്തിറങ്ങിയ സ്നോഡന്‍ എന്ന സിനിമയിലാണ് വെളിപ്പെട്ടത്. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് ഫിലിപ്പീന്‍സ് സ്വദേശികള്‍ക്ക് 2019ല്‍ കാനഡ അഭയം നല്കിയിരുന്നു. ‘ഫോര്‍ ദി റെഫ്യൂജീസ്’എന്ന സംഘടനയാണ് ഇതിന് സഹായിച്ചത്.