ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് കാനഡ. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗായാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇത് പിന്നീട് സെപ്റ്റംബര്‍ 26 വരെ നീട്ടുകയാണുണ്ടായത്. വിലക്ക് പിന്‍വലിച്ച സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 27 മുതല്‍ പുനരാരംഭിക്കാനാവും. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഇനി കാനഡയിലേക്ക് സഞ്ചരിക്കാം.

അംഗീകൃത ലബോറട്ടറിയിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്. ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഫെബ്രുവരി 27ന് പുനരാരംഭിക്കുമെന്ന് കാനഡ സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുള്ള എയര്‍ കാനഡ വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 27 ന് പുനരാരംഭിക്കും. എന്നാല്‍ കാനഡയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 30 ന് മാത്രമെ പുനരാരംഭിക്കൂ.

നേരിട്ടുള്ള വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഡല്‍ഹിയിലെ ജെനസ്ട്രിങ്‌സ് ലബോറട്ടറിയില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള മെട്രോ സ്റ്റേഷന് മുകളിലുള്ള എയര്‍പോര്‍ട് കണക്ട് ബില്‍ഡിങ്ങി (എബിസി) ലാണ് ജനസ്ട്രിങ്‌സ് ലബോറട്ടറി. 18 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.

വിമാനത്തില്‍ കയറുന്നതിന് മുമ്പ് പരിശോധനാഫലം വിമാനക്കമ്പനി അധികൃതരെ കാണിക്കണം. മുമ്പ് കോവിഡ്  ബാധിച്ചവര്‍ക്ക് രാജ്യത്തെ ഏത് സര്‍ട്ടിഫൈഡ് ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാഫലവും കാണിക്കാം. ഈ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തവരെ യാത്രചെയ്യാന്‍ അനുവദിക്കില്ല.

 

Top