ഒട്ടാവ: യജമാനനോടുള്ള വളർത്തു നായകളുടെ സ്‌നേഹം പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്. കാനഡയിൽ നിന്നുള്ളതാണ് വീഡിയോ. പ്രഭാത സവാരിയ്ക്ക് വളർത്തുനായയുമായി ഇറങ്ങിയ യുവതി റോഡിൽ തലകറങ്ങി വീഴുന്നതും നായ വാഹനം തടഞ്ഞ് സഹായം തേടുന്നതുമാണ് വീഡിയോയിലുള്ളത്. ഒട്ടാവയിലെ സ്വിറ്റ്‌സ്വില്ലയിലാണ് സംഭവം.
പതിവ് പോലെ ഹാലെ മൂർ എന്ന യുവതി തന്റെ വളർത്തുനായയായ ക്ലോവറുമായി രാവിലെ നടക്കാനിറങ്ങിയിരുന്നു. പെട്ടന്നാണ് ഹാലെ നടുറോഡിൽ തലകറങ്ങി വീഴുന്നത്. തന്റെ യജമാനന് അപകടം സംഭവിച്ചുവെന്ന് തൽക്ഷണം മനസിലാക്കിയ നായ ഉടൻ തന്നെ നടുറോഡിൽ ഇറങ്ങി എതിരെ വരുന്ന വാഹനം തടഞ്ഞ് നിർത്തുകയായിരുന്നു. റോഡിന് നടുവിൽ നിന്ന് കുരയ്ക്കുന്നത് കണ്ട ഡ്രൈവർ വാഹനം നിർത്തി ശ്രദ്ധിച്ചപ്പോഴാണ് യുവതിയെ കണ്ടത്.
ഉടൻ തന്നെ ഡ്രൈവർ യുവതിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിയ്ക്കുകയും ഫോൺ ചെയ്ത് വീട്ടിൽ വിവരം അറിയിക്കുകയും ചെയ്തു. സമീപത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കൂടാതെ യുവതിയെ ആശുപത്രിയിലേക്ക് വാഹനത്തിൽ കയറ്റിയയച്ച ശേഷം നായ വീട്ടിൽപോയി വീട്ടുകാരെ നേരിട്ട് വിവരം അറിയിക്കുകയും ചെയ്തു.