കാനഡയില്‍ സൂര്യതാപമേറ്റ് 70 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

കാനഡ: കാനഡയിലെ ക്യുബെക്ക് പ്രവിന്‍സില്‍ സൂര്യതാപമേറ്റ് 70 പേര്‍ മരിച്ചതായി കനേഡിയന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മോണ്‍ട്രിയാല്‍ സിറ്റിയില്‍ മാത്രം 34 പേര്‍ മരണമടഞ്ഞതായി കാനഡ ആരോഗ്യവകുപ്പു മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 35 സെന്റിഗ്രേഡ് വരെ ചൂട് ഉയര്‍ന്നിട്ടുണ്ട്. 50 – 80 പ്രായപരിധിയിലുള്ളവരാണ് മരിച്ചവരില്‍ കൂടുതല്‍ പേരും. ചൂട് ഇനിയും കൂടാനാണ് സാധ്യതയുള്ളത്.

മോണ്‍ട്രിയായിലെ ഫ്യുണറല്‍ ഹോമുകളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കുവാന്‍ സ്ഥലമില്ലാത്തതിനാല്‍ സ്റ്റോറേജുകളിലേക്ക് മാറ്റുകയാണ്. അറുപത് വയസ്സിന് മുകളിലുള്ളവരും കഠിന രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും.

ശീതികരണ സംവിധാനങ്ങള്‍ ഇല്ലാത്തതും മരണസംഖ്യ വര്‍ധിക്കുന്നതിനിടയാക്കിയിട്ടുണ്ടെന്ന് സിറ്റി പബ്ലിക്ക് ഹെല്‍ത്ത് ഓഫിസ് അറിയിച്ചു. മുന്‍പ് ശക്തമായ ചൂടില്‍ മോണ്‍ഡ്രിയാലില്‍ 2010 ല്‍ നൂറു പേരാണു മരിച്ചത്. ശൈത്യ മേഖലയെന്ന് അറിയപ്പെടുന്ന കാനഡയില്‍ പോലും സൂര്യ താപമേറ്റു മരിക്കുന്നുവെന്നത് ആഗോള വ്യതിയാനത്തിന്റെ മാറ്റമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചത്.

ജൂലൈ ആദ്യവാരം അവസാനിച്ചതോടെ ചൂടിന് അല്‍പം ശമനം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ 82 ഡിഗ്രി വരെ താപനില കുറഞ്ഞിട്ടുണ്ട്. ശക്തമായ ചൂടില്‍ പുറത്തിറങ്ങി നടക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വീടുകളിലുള്ള എയര്‍കണ്ടീഷനിങ് സംവിധാനം പരിശോധിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Top