ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനാണ് അപകടം നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെവിളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കണ്‍വെന്‍ഷന്‍ ലംഘനമാണെന്ന ആരോപണം ആവര്‍ത്തിച്ചുകൊണ്ടാണ് ട്രൂഡോയുടെ വിമര്‍ശനം.
‘ഇന്ത്യ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുകയും 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഏകപക്ഷീയമായി റദ്ദാക്കുകയും ചെയ്തതില്‍ ഞങ്ങള്‍ നിരാശരാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് ചിന്തിച്ചുനോക്കൂ, കനേഡിയന്‍ പൗരന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ഇടപെട്ടിട്ടുണ്ടാകാം എന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ വ്യക്തമായ കാരണങ്ങളുണ്ട്.’- അദ്ദേഹം പറഞ്ഞു.
‘ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവും ട്രൂഡോ ആവര്‍ത്തിച്ചു. ‘ കനഡേിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ വിവരം അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ ഇന്ത്യോട് ഈ വിഷയത്തെ കുറിച്ച് ആശയവിനിമയം നടത്തിയതാണ്. ഗുരുതരമായ അന്താരാഷ്ട്ര നിയമലംഘനത്തില്‍ യുഎസിനെപ്പോലുള്ള സുഹൃത്തുക്കളോടും സഖ്യകക്ഷികളോടും ഇടപെടണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു’.- വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന ട്രൂഡോയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത വാക്പോര് നടന്നിരുന്നു. തുടര്‍ന്ന്, 40 നയതന്ത്ര ഉദ്യോഗസ്ഥരെ ഉടന്‍ തിരികെ വിളിക്കണമെന്ന് ഇന്ത്യ കാനഡയ്ക്ക് അന്ത്യശാസനം നല്‍കി. തുടര്‍ന്ന് 40 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചു. 21 നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ അവശേഷിക്കുന്നത്.