തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ കാനറ ബാങ്ക് ചീഫ് മാനേജര്‍ അടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ചീഫ് മാനേജര്‍ ശശികല മണിരാമകൃഷ്ണന്‍, മാനേജര്‍മാരായ ശ്രീക്കുട്ടന്‍, വര്‍ഷ, ബാങ്ക് ഓഫീസര്‍ രാജശേഖരന്‍ നായര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്.
സ്ത്രീധന പീഡനം, മന്ത്രവാദം, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയും ആത്മഹത്യയ്ക്ക് കാരണമായെന്ന് വ്യക്തമായതോടെ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
മരണത്തിനുത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും വിശദീകരിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഉത്തരവാദികളുടെ പേര് കുറിക്കുകയും ആത്മഹത്യാക്കുറിപ്പ് ചുവരില്‍ ഒട്ടിക്കുകയും ചെയ്തിരുന്നു.