ഗുവാഹാത്തി: മനുഷ്യൻ ഭൂതകാലത്തിൽ ചെയ്ത പാപത്തിന്റെ ഫലമാണ് ക്യാൻസറും അപകട മരണവുമെന്ന് അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ.
ഗുവാഹത്തിയില്‍ അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹിമാന്ത ബിശ്വ ശര്‍മ.
നാം പാപം ചെയ്യുമ്പോളാണ് ഈശ്വരന്‍ നമുക്ക് കഷ്ടപ്പാടുകള്‍ തരുന്നത്. ചെറുപ്പക്കാരായ യുവാക്കള്‍ അര്‍ബുദ ബാധിതരാകുന്നതും അപകടങ്ങളില്‍ പെടുന്നതും നാം കാണാറുണ്ട്. അവരുടെ പശ്ചാത്തലം പരിശോധിക്കുകയാണെങ്കില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും അവര്‍ അനുഭവിക്കുന്നത് ദൈവത്തിന്റെ നീതി നടപ്പാക്കലാണെന്ന്- ഹിമാന്ത പറഞ്ഞു.
പാപങ്ങള്‍ ഈ ജന്മത്തിലേത് ആകണമെന്നില്ല, മുന്‍ജന്മങ്ങളിലേതും ആകാം. അല്ലെങ്കില്‍ അച്ഛനോ അമ്മയോ ചെയ്തതിന്റെ ഫലമാകാം. ഇനി ചെറുപ്പക്കാരന്‍ പാപങ്ങള്‍ ഒന്നും ചെയ്തിട്ടുണ്ടാവണമെന്നില്ല ഒരുപക്ഷേ അയാളുടെ അച്ഛനായിരിക്കാം തെറ്റ് ചെയ്തിട്ടുണ്ടാവുക- ഹിമാന്ത കൂട്ടിച്ചേര്‍ത്തു.
അവനവൻ ചെയ്യുന്ന പ്രവർത്തിയുടെ ഫലമാണ് ഓരോരുത്തര്‍ക്കും ലഭിക്കുക എന്ന് ഭഗവത് ഗീതയിലും ബൈബിളിലും പറഞ്ഞിട്ടുണ്ട്.
ദൈവികമായ നീതിനടപ്പാക്കല്‍ എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും ആര്‍ക്കും അതില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നും ഹിമാന്ത പറഞ്ഞു.
മന്ത്രിയുടെ വിവാദപ്രസ്താവന രൂക്ഷവിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്.