ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ അടങ്ങിയ മരുന്ന് വില്‍ക്കരുതെന്ന് നിര്‍ദ്ദേശം

medicines

യുഎഇ: ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൃദ്രോഗത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ വിപണനം നിര്‍ത്തി വയ്ക്കാന്‍ യു.എ.ഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ചൈനീസ് നിര്‍മിതമായ മരുന്നുകളാണ് വിപണനം നിര്‍ത്തി വെച്ചത്.യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ക്യാന്‍സറിന് കരണമാകുന്ന എന്‍ നൈട്രോസോഡിമെന്റാലാമിന്‍ എന്ന രാസവസ്തു അടങ്ങിയതായാണ് കണ്ടെത്തിയത്. ഹൃദ്രോഗത്തിന് പുറമെ അമിത രക്ത സമ്മര്‍ദ്ദത്തിനും ഉപയോഗിക്കുന്ന വള്‍സാര്‍ടന്‍ എന്ന ഘടകത്തിലാണ് ഇത് കണ്ടെത്തിയത്. ചൈനയിലെ ഷീജിയാങ് ഹുവാഹെ ഫാര്‍മസ്യൂട്ടിക്കല്‍സ് ഉല്‍പാദിപ്പിക്കുന്ന ഈ മരുന്ന് വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് എല്ലാ മെഡിക്കല്‍ ജില്ലകളുടെയും ഡയറക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും നിര്‍ദേശം ബാധകമാണ്. ഈ മരുന്ന് രോഗികള്‍ക്ക് നല്‍കരുതെന്നും പകരം മറ്റ് കമ്പനികളുടെ മരുന്ന് ഉപയോഗിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഈ മരുന്ന് ഉപയോഗിക്കുന്ന രോഗികള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമെ മരുന്ന് മാറ്റി ഉപയോഗിക്കാവൂവെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ സ്‌പെയിനിലെ ലബോറേട്ടാറിയോസ് സിന്‍ഫ എസ്.എ. എന്ന കമ്പനി നിര്‍മിച്ച സിന്‍ഫാവല്‍ , കോ സിന്‍ഫാവല്‍ എന്നിവയും ജോര്‍ഡാനില്‍ നിന്നുള്ള ഫാര്‍മ ഇന്റര്‍നാഷ്ണലിന്റെ ഡയോസ്റ്റാര്‍ പ്ലസ്, യു.എ.ഇയിലെ ഗ്ലോബല്‍ ഫാര്‍മയുടെ വാള്‍ഡിയോ എച്ച്.സി.ടി. എന്നിവയും നിരോധിച്ചവയില്‍ പെടും. ഹൃദ്രോഗ ചികില്‍സയ്ക്ക് മറ്റ് കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളിലും വള്‍സാര്‍ടന്‍ അടങ്ങിയിട്ടുണ്ടെങ്കിലും അത് ഹാനികരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Top