കൊച്ചി: കളമശ്ശേരിയിലെ നിര്‍ദ്ദിഷ്ട കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനായി 10 കോടി രൂപ കൈമാറിക്കഴിഞ്ഞതായി എക്‌സൈസ് മന്ത്രി കെ. ബാബു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സ ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്ന കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചത് കണ്ടു. ഇക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.കെട്ടിടം പണി പുരോഗമിക്കുകയാണ്.
കെട്ടിടം പണി പൂര്‍ത്തിയായാല്‍ ഒ.പി. ആരംഭിക്കും. പരിശോധനാ ഉപകരണങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.യു.ഡി.എഫ്. സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ആരോഗ്യമേഖലയിലാണ്. ആരോഗ്യവകുപ്പില്‍ അയ്യായിരത്തിലധികം തസ്തികകളാണ് സ്വഷ്ടിച്ചത്.
ഒരു സര്‍ക്കാറും ഇത്രയധികം തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല അദ്ദേഹം പറഞ്ഞു. ലൂഡി ലൂയിസ് എം. എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ട് കോടി രൂപ ചെലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത് . കാഷ്വാലിറ്റി ബ്ലോക്കില്‍ സ്ഥാപിച്ച പുതിയ ലിഫ്റ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.