candidate-conflict-UDF-Oommen chandy-highcommand

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡും വി എം സുധീരനും തോല്‍വി സമ്മതിച്ചു. കളങ്കിതരും ആരോപണവിധേയരും മത്സരരംഗത്തുണ്ടാകാന്‍ പാടില്ലെന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരന്റെ നിര്‍ദേശം തള്ളി ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യങ്ങള്‍ക്കു പരിഗണന കൊടുക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം.

അഴിമതിക്കേസില്‍ പെട്ടവരടക്കം എല്ലാ മന്ത്രിമാരും സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംപിടിച്ചു. ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ അംഗീകരിക്കണമെന്ന ലീഗിന്റെ സമ്മര്‍ദവും സുധീരനും ഹൈക്കമാന്‍ഡിനും തിരിച്ചടിയായി.

അടൂര്‍ പ്രകാശിനും കെ ബാബുവിനും സീറ്റ് വേണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയാണുണ്ടായിരുന്നു. കളങ്കിതര്‍ മത്സരിക്കേണ്ടെന്ന നിലപാടായിരുന്നു രാഹുല്‍ഗാന്ധിക്കും. എന്നാല്‍ ജയസാധ്യത കണക്കിലെടുത്താല്‍ മതിയെന്ന നിലപാടിലേക്കു ലീഗിന്റെ ഇടപെടലോടെ സോണിയാ ഗാന്ധി മലക്കം മറിയുകയായിരുന്നു.

ആരോപണവിധേയരെ മത്സരിപ്പിക്കില്ലെന്ന കടുത്ത നിലപാടില്‍ തന്നെയായിരുന്നു സുധീരന്‍. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ വഴിമുട്ടി ഡല്‍ഹിയില്‍നിന്നു മുഖ്യമന്ത്രി രാവിലെ നാട്ടിലേക്കു തിരിച്ചത്. കൊച്ചിയില്‍ വിമാനമിറങ്ങിയ മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്കു പോയി. പട്ടിക ഇന്നു വരുമെന്നും അതുകഴിഞ്ഞു പ്രതികരിക്കാമെന്നുമായിരുന്നു നെടുമ്പാശേരിയില്‍ മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.

പ്രശ്‌ന പരിഹാരത്തിനായി മുസ്ലിം ലീഗ് രംഗത്തെത്തിയതോടെയാണ് സുധീരന്‍ തിരിച്ചടി നേരിട്ടത്. ഉമ്മന്‍ചാണ്ടിയെ പരസ്യമായി പിന്തുണച്ചാണ് ലീഗ് രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടിയില്ലാതെ യുഡിഎഫിന് മുന്നോട്ടു പോകാനാവില്ലെന്ന് ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

Top