ആലപ്പുഴ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തലമുറ മാറ്റം വിപ്ലവകരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ശതകോടീശ്വരന്മാരെ സ്ഥാനാര്‍ഥികളാക്കുമ്പോള്‍ കോണ്‍ഗ്രസ് പാല് വിറ്റ് ജീവിക്കുന്ന അരിത ബാബുവിനെപ്പോലുള്ളവരെയാണ് സ്ഥാനാര്‍ഥികളാക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം അതാണെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് അഭിപ്രായ സര്‍വേകളില്‍ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളില്‍ മാത്രമാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നായിരുന്നു സര്‍വേ ഫലം. പക്ഷേ 4000 വോട്ടിന് തോറ്റു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തോല്‍ക്കുമെന്നായിരുന്നു സര്‍വേ ഫലം. അതുകൊണ്ട് യു.ഡിഎഫിന് ജനങ്ങളില്‍ മാത്രമാണ് വിശ്വാസം. തര്‍ക്കങ്ങളും വഴക്കുകളും അവസാനിച്ചുവെന്നും യു.ഡി.എഫ് പതിന്മടങ്ങ് ആവേശത്തോടെ പ്രചാരണ രംഗത്തേക്ക് ഇറങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.