തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പിലെത്താതിരുന്നതോടെ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ 22 മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു.
ഇന്നു ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ സമരം ഒത്തുതീർക്കാൻ തീരുമാനമുണ്ടായേക്കും. സമരരംഗത്തേക്കു പിന്തുണയുമായി കൂടുതൽ പേരും കുടുംബാംഗങ്ങളും എത്തിച്ചേർന്നു. സമരത്തിനു പിന്തുണയുമായി പ്രതിപക്ഷ പാർട്ടി സ്ഥാനത്തു നിന്നും ഷാഫി പറമ്പിൽ എംഎൽഎയും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നലെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.
റാങ്ക് പട്ടിക കാലാവധി 6 മാസം കൂടി നീട്ടുക, ലാസ്റ്റ് ഗ്രേഡിനു ജോലി സാധ്യതയുള്ള വകുപ്പുകളിൽ ജോലി സമയം 8 മണിക്കൂറാക്കി കൂടുതൽ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളെങ്കിലും അംഗീകരിക്കണമെന്നാണു ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിലുള്ളവർ ആവശ്യപ്പെടുന്നത്.