കൊച്ചി: പുതുവര്‍ഷാഘോഷത്തിന് കേരളത്തിലേക്ക് വ്യാപക ലഹരിക്കടത്ത്.
പാലക്കാട് പിടിയിലായ ആലപ്പുഴ പറവൂര്‍ സ്വദേശി വിഷ്ണുവാണ് ലഹരി കടത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുമാണ് വിഷ്ണുവില്‍ നിന്നും കഞ്ചാവും ആംപ്യൂളും പിടികൂടിയത്.
പുതുവര്‍ഷാഘോഷത്തിനായി എറണാകുളം-ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചുളള ഡിജെ പാര്‍ട്ടികളിലേക്കും ഹൗസ്‌ബോട്ടുകളിലേക്കും എത്തിക്കുന്നതിനായാണ് ലഹരിവസ്തുക്കള്‍ കടത്തുന്നതെന്ന് വിഷണു മാധ്യമങ്ങളോട് പറഞ്ഞു.
ആന്ധ്രയില്‍ നിന്ന് കഞ്ചാവും ആംപ്യൂളുമൊക്കെ വാങ്ങി എറണാകുളം ആലപ്പുഴ ജില്ലകളിലേക്ക് എത്തിക്കുന്നത് ഡിജെ പാര്‍ട്ടികള്‍ക്കുവേണ്ടിയാണെന്നും, നേരത്തെ രണ്ടുതവണ ലഹരികടത്തിന് പിടിയിലായിട്ടുണ്ടെന്നും, മൂന്നാംവട്ടം പലിശയ്ക്ക് പണം വായ്പയെടുത്താണ് കഞ്ചാവ് വാങ്ങാനിറങ്ങിയതെന്നും പ്രതി വെളിപ്പെടുത്തി.
ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് ലഹരിമാഫിയയുടെ പ്രവര്‍ത്തനം.
ഇതരസംസ്ഥാനലഹരികടത്ത് തടയാന്‍ പാലക്കാട്ട് എക്‌സൈസും ആര്‍പിഎഫും പൊലീസും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.