നായക്കാവലില്‍ കഞ്ചാവ് കച്ചവടം; രണ്ടു യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: കോട്ടയത്ത് നായകളെ കാവല്‍ നിര്‍ത്തി കഞ്ചാവ് കച്ചവടം നടത്തിയ കേസില്‍ പ്രതി റോബിന്റെ സങ്കേതത്തിലെത്തിയ രണ്ടു യുവാക്കള്‍ പോലീസ് കസ്റ്റഡിയില്‍. കോട്ടയം സ്വദേശികളായ റൊണാള്‍ഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരില്‍ നിന്ന് റോബിനെ കുറിച്ച് പൊലീസിന് നിര്‍ണായക സൂചന ലഭിച്ചു. റോബിനുമായി ലഹരി ഇടപാട് നടത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. നായകളെ ഹോസ്റ്റലില്‍ ഏല്പിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

കഴിഞ്ഞ ദിവസമാണ് പൊലീസിന് നേരെ നായകളെ അഴിച്ചു വിട്ട ശേഷം റോബിന്‍ ഓടി രക്ഷപെട്ടത്. പൊലീസിനെ ആക്രമിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയ 13 നായകളാണ് റോബിന്‍ നടത്തുന്ന പെറ്റ് ഹോസ്റ്റലില്‍ ഉള്ളത്.

റോബിന്‍ നായ്ക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പൊലീസെത്തിയാല്‍ ആക്രമിക്കുന്നതിനായി കാക്കി പാന്റ് കാണിച്ച് റോബിന്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന ദൃശ്യങ്ങള്‍ 24ന് ലഭിച്ചു. കാക്കി കണ്ട നായ പ്രകോപിതനായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. പൊലീസിനെ ആക്രമിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച നായകളാണ് റോബിന്റെ കൈവശം ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ഈ വിഡിയോ.ഹോസ്റ്റലില്‍ നിന്ന് 18 കിലോ കഞ്ചാവ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലൂടെയാണ് കഞ്ചാവ് വില്പന പൊലീസ് പിടികൂടിയത്.

ഡോഗ് ഹോസ്റ്റലിന്റെ മറവിലാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി കുമാരനല്ലൂര്‍ സ്വദേശി റോബിന്‍ ലഹരി കച്ചവടം നടത്തിയിരുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ രാത്രി 10.30 ഓടെ റോബിന്റെ കേന്ദ്രം പൊലീസ് വളഞ്ഞു. പുലര്‍ച്ചെ ഒരു മണിക്ക് കഞ്ചാവ് വാങ്ങാന്‍ എന്ന വ്യാജേന രണ്ടുപേരെ റോബിനടുത്തേക്ക് വിട്ടു. ഇതിലൂടെ പൊലീസ് സാന്നിധ്യം സംശയിച്ച റോബിന്‍ മുന്തിയ ഇനം നായകളെ പൊലീസിന് നേരെ അഴിച്ചുവിട്ട ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു

റോബിന്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 18 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. പ്രദേശത്ത് സ്ഥിരം ശല്യക്കാരന്‍ ആയിരുന്നു റോബിന്‍ എന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ആക്രമിക്കാന്‍ നായ്ക്കളെ അഴിച്ചുവിട്ട സംഭവത്തില്‍ റോബിനെതിരെ വേറെയും കേസുകള്‍ ഉണ്ട്.

Top