കാന്‍ ഫിലിം ഫെസ്റ്റിവല്‍ പാലസ് ഇനി വീടില്ലാത്തവരുടെ അഭയകേന്ദ്രം

ഫ്രാന്‍സ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന പാലസ് ഇപ്പോള്‍ വീടില്ലാത്തവരുടെ അഭയകേന്ദ്രമാണ്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ കാന്‍സ് ചലച്ചിത്രമേള മാറ്റിവച്ചിരുന്നു. തുടര്‍ന്നാണ് ഭവനരഹിതര്‍ക്ക് താല്‍ക്കാലിക കേന്ദ്രമായി ഉപയോഗിക്കാന്‍ കൊട്ടാരം വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഭവനരഹിതരെയും മുഴുവന്‍ ജനങ്ങളെയും സംരക്ഷിക്കാന്‍ ഈ നടപടി ആവശ്യമാണെന്ന് കാന്‍സ് മേയര്‍ ഡേവിഡ് ലിസ്‌നാര്‍ഡ് പറഞ്ഞു.

രാജ്യത്തുള്ള എല്ലാവരും വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണെന്നും ഫെസ്റ്റിവല്‍ സംഘാടകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ ചെയ്തതിനാലാണ് മെയ് 12 മുതല്‍ 23 വരെ നടത്താനിരുന്ന കാന്‍സ് ഫിലിം ഫെസ്റ്റിവല്‍ മാറ്റിവച്ചിരുന്നത്. മെയ് 12 നും 23 നും ഇടയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഫെസ്റ്റിവല്‍ ജൂണിലോ ജൂലൈയിലോ നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എല്ലാവര്‍ഷവും ഫ്രാന്‍സിലെ കാന്‍ പട്ടണത്തിലാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഇതുവരെ 2000ത്തിലധികം ജനങ്ങളാണ് മരിച്ചത്.

Top