ന്യൂഡല്‍ഹി: കശ്മീരില്‍ യുവാവിനെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ച് മനുഷ്യകവചമാക്കിയ സൈനിക നടപടിക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി.
സംഭവത്തില്‍ ഇത്ര വലിയ പ്രതിഷേധത്തിന് കാര്യമെന്താണ്? സൈന്യത്തെ കല്ലെറിഞ്ഞയാളെ ജീപ്പിനു മുന്നില്‍ കെട്ടിവെച്ചത് കല്ലേറു നിയന്ത്രിച്ച് പോളിങ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
സൈന്യത്തിന് തീവ്രവാദികളെ കൈകാര്യം ചെയ്താണ് പരിചയം, പ്രക്ഷോഭകരെയല്ല. അതുകൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയത്. എല്ലാവരും സൈനികരെ അഭിമാനത്തോടു കൂടിയാണ് കാണുന്നത്. മോശം സാഹചര്യത്തിലും മഹത്തായ ജോലിയാണ് അവര്‍ ചെയ്യുന്നത്. എ.സി റൂമിലിരുന്ന് സൈന്യത്തെ കുറ്റപ്പെടുത്താതെ അവരുടെ സ്ഥാനത്തു നിന്ന് ചിന്തിച്ചു നോക്കണമെന്നും റോഹ്ത്തഗി പറഞ്ഞു.
കശ്മീരി യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തില്‍ സൈന്യത്തിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് ഇക്കാര്യംപരിശോധിക്കുമെന്ന് അറിയിക്കുകയും ചെയ്ത സംഭവത്തിലാണ് സര്‍ക്കാര്‍ നിയമോപദേഷ്ടാവ് പിന്‍തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.