ശിശുമരണ നിരക്ക്; മുൻ സർക്കാരിനെ പഴിക്കേണ്ട; ഗെലോട്ടിനോട് ഉപമുഖ്യമന്ത്രി

ജയ്പൂര്‍: കോട്ടയിലെ ശിശുമരണ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരില്‍ ഭിന്നത. കോട്ടയിലെ ശിശുമരണങ്ങളില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ തള്ളി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് രംഗത്ത് വന്നു.മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. ഉത്തരവാദിത്തത്തോടെ വേണം സര്‍ക്കാര്‍ പ്രതികരിക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശിശുമരണനിരക്കില്‍ മുന്‍ സര്‍ക്കാരിനെ ഗെലോട്ട് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

മുന്‍ സര്‍ക്കാരുകളുടെയും ഇപ്പോഴത്തെ സര്‍ക്കാരിന്റെയും കാലത്തെ ശിശു മരണത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ആര്‍ക്കും മുഖം രക്ഷിക്കാന്‍ കഴിയില്ല. ഉത്തരവാദിത്വം ഏറ്റെടുത്ത് സഹാനുഭൂതിയോടെ പ്രശ്‌നം കൈകാര്യം ചെയ്യണം. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തി 13 മാസം കഴിഞ്ഞിട്ടും ശിശു മരണമുണ്ടായാല്‍ മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും സച്ചിന്‍ പൈലറ്റ് തുറന്നടിച്ചു.

ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ശിശുമരണനിരക്ക് കുറഞ്ഞെന്നായിരുന്നു അശോക് ഗെലോട്ടിന്റെ പ്രസ്താവന. മുപ്പത്തിമൂന്ന് ദിവസത്തിനിടെ 105 ശിശുമരണങ്ങളാണ് രാജസ്ഥാനിലെ കോട്ടയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയിലെ ജെ.കെ.ലോണ്‍ ആശുപത്രിയിലാണ് ഒരു മാസത്തിനിടെ ഇത്രയും ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്.

കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അശോക് ഗെലോട്ട് സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

ഡിസംബര്‍ 30ന് നാല് കുട്ടികളും 31ന് അഞ്ച് കുട്ടികളുമാണ് മരിച്ചത്. 2014-ല്‍ 11,98 കുട്ടികള്‍ മരിച്ചിട്ടുണ്ടെന്നും ഇത് താരതമ്യം ചെയ്യുമ്പോള്‍ 2019-ല്‍ ശിശുമരണ നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Top